Connect with us

National

ബീഹാറിന് പ്രത്യേക പദവി നല്‍കിയാല്‍ മോദിയുടെ അനുയായി ആകാം: ജിതന്‍ മഞ്ജി

Published

|

Last Updated

പാറ്റ്‌ന: ബീഹാറിന് പ്രത്യേക പദവി നല്‍കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായി ആകാന്‍ തയ്യാറാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ രാം മഞ്ജി. ദീര്‍ഘകാലമായി ബീഹാര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങളും നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക പദവി നല്‍കുകയും, പരിമിത വിഭവങ്ങള്‍ ഉപയോഗിച്ച് ദേശീയ പാതകള്‍ കേടുപാടുകള്‍ തീര്‍ത്ത വകയില്‍ ചെലവായ ആയിരം കോടി രൂപ തിരികെ നല്‍കുക ഉള്‍പ്പെടെയുള്ള ദീര്‍ഘകാല ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുകയാണെങ്കില്‍ മോദിയുടെ അനുയായി ആകാന്‍ തയ്യാറാണെന്ന് മഞ്ജി പറഞ്ഞു. ബാര്‍ഹിലെ എന്‍ ടി പി സി സൂപര്‍ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ നാലാം യൂനിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടെ എന്‍ ഡി എ സര്‍ക്കാറിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. കേന്ദ്ര മന്ത്രിമാരുടെ കൊട്ടും കുരവയും ഉപയോഗിച്ചുള്ള വാഗ്ദാനങ്ങള്‍ കാരണം മാലോകര്‍ വിചാരിക്കുന്നത് ബീഹാറിന്റെ എല്ലാ ആവശ്യങ്ങളും പരിഹരിക്കപ്പെട്ടു എന്നാണ്. ഒച്ചപ്പാടോടെയുള്ള അവകാശവാദങ്ങള്‍ക്ക് പകരം ബീഹാറിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സ്ഥിരനടപടികളാണ് ആവശ്യം. സംസ്ഥാനത്ത് നിന്ന് ഏഴ് കേന്ദ്ര മന്ത്രിമാരുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ “സാത് ഭയ്യ” നടപടികള്‍ കൈക്കൊള്ളണം- മഞ്ജി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതിനെയും മഞ്ജി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയം ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മുസാഫര്‍പൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്റെ 110 എം ഡബ്ല്യു രണ്ടാം യൂനിറ്റിന്റെ ഉദ്ഘാടനത്തിന് കേന്ദ്രസഹമന്ത്രി പിയൂഷ് ഗോയലും മഞ്ജിയും ഒരുമിച്ചാണ് വന്നത്.
അതേസമയം, പരിപാടി നടന്ന സ്ഥലത്ത് നിന്ന് നിതീഷ് കുമാറിന്റെ ഫോട്ടോയും പേരും നീക്കം ചെയ്തത് വിവാദമായി. പദ്ധതിക്ക് വേണ്ടി ബാര്‍ഹ എം പിയായിരിക്കെയും മുഖ്യമന്ത്രിയായിരിക്കെയും നിതീഷ് നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു.

Latest