Connect with us

National

അപകീര്‍ത്തിക്കേസ്: നഖ്‌വിയെ കുറ്റവിമുക്തനാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ജെ ഡി യു മുന്‍ നേതാവ് സബീര്‍ അലിയുടെ പരാതി പ്രകാരമുള്ള ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ നിന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ കുറ്റവിമുക്തനാക്കി. ഇരുവരും ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണിത്. അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ സഹസ്ഥാപകന്‍ യാസീന്‍ ഭട്കലുമായി ബന്ധമുണ്ടെന്ന് നഖ്‌വി ആരോപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ രേഖാമുലമുള്ള മാപ്പ് സബീര്‍ അലി ആവശ്യപ്പെടുകയായിരുന്നു. ഈ വര്‍ഷമാദ്യമാണ് അലി കേസ് കൊടുത്തത്. ഈ കേസില്‍ നഖ്‌വിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ഇന്നലെ കോടതി കേസ് പരിഗണിച്ചയുടനെ, സബീര്‍ അലിയുടെ അഭിഭാഷകന്‍ പരസ്പര ധാരണയെ സംബന്ധിച്ച് അറിയിക്കുകയായിരുന്നു. നഖ്‌വിക്കെതിരായ അപകീര്‍ത്തി കേസ് പിന്‍വലിക്കാന്‍ അനവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് നഖ്‌വി, മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ, ആരോപണവിധേയന്‍ എന്ന നിലയില്‍ നഖ്‌വിക്ക് കോടതി സമന്‍സ് അയച്ചിരുന്നു. പ്രാഥമിക അനുമാന പ്രകാരം, സബീര്‍ അലിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റപകാരം നഖ്‌വിക്കെതിരെ നടപടി തുടരാന്‍ മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഭട്കലിന്റെ ചങ്ങാതിയായി തന്നെ നഖ്‌വി ചിത്രീകരിച്ചെന്നും ഇത് ടി വി ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പത്രങ്ങളിലൂടെയും വിദേശത്ത് വരെ പ്രചരിച്ചെന്നും സബീര്‍ അലി കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിലൂടെ തന്റെ അഭിമാനത്തിന് ക്ഷതം സംഭവിച്ചതായും സമൂഹത്തില്‍ തനിക്കുള്ള വില ഇടിഞ്ഞതായും അലി കുറ്റപ്പെടുത്തിയിരുന്നു.
മോദിയെ പ്രകീര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ജെ ഡി യുവില്‍ നിന്ന് അലിക്ക് പുറത്ത് പോകേണ്ടി വന്നത്. തുടര്‍ന്ന് ബി ജെ പിയില്‍ ചേര്‍ന്ന് നാല് മണിക്കൂറിനകം ആരോപണവുമായി നഖ്‌വി രംഗത്തെത്തുകയായിരുന്നു. നഖ്‌വിയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് സബീര്‍ അലിയുടെ അംഗത്വം ബി ജെ പി റദ്ദാക്കി.