2016 യൂറോ കപ്പ് യോഗ്യതാ റൗണ്ട്: ജര്‍മനി, പോര്‍ച്ചുഗല്‍ ജയിച്ചു

Posted on: November 15, 2014 11:52 pm | Last updated: November 15, 2014 at 11:52 pm

cristianoയൂറോ യോഗ്യതാ റൗണ്ടില്‍ ജര്‍മനി, പോര്‍ച്ചുഗല്‍, പോളണ്ട്, ഡെന്‍മാര്‍ക്ക്, റുമാനിയ ജയം കണ്ടപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ഗ്രീസ് അട്ടിമറിക്കപ്പെട്ടു. അയര്‍ലാന്‍ഡ്, ഫിന്‍ലന്‍ഡ് ടീമുകളും പരാജയപ്പെട്ടു.
ഗ്രൂപ്പ് ഡിയില്‍ ജിബ്രാള്‍ട്ടറിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ജര്‍മനി കരുത്തറിയിച്ചത്. ഇതേ മാര്‍ജിനില്‍ (4-0) പോളണ്ട് ജോര്‍ജിയയെയും തോല്‍പ്പിച്ചതോടെ ഗ്രൂപ്പില്‍ മുന്നില്‍ കയറാനുള്ള ജര്‍മനിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. സ്‌കോട്‌ലന്‍ഡ് 1-0ന് അയര്‍ലന്‍ഡിനെയും മറികടന്നു. ഗ്രൂപ്പില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പത്ത് പോയിന്റോടെ പോളണ്ട് ഒന്നാമതും ഏഴ് പോയിന്റുള്ള ജര്‍മനി രണ്ടാം സ്ഥാനത്തുമാണ്. മൂന്നും നാലും സ്ഥാനത്തുള്ള സ്‌കോട്‌ലന്‍ഡിനും അയര്‍ലന്‍ഡിനും ഏഴ് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരി ജര്‍മനിയെ രണ്ടാം സ്ഥാനത്താക്കുന്നു.
ഗ്രൂപ്പ് ഐയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ 1-0ന് അര്‍മേനിയയെ തോല്‍പ്പിച്ച് പിടിമുറുക്കി. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റോടെ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്ത്. സെര്‍ബിയയെ 1-3ന് തോല്‍പ്പിച്ച ഡെന്‍മാര്‍ക്ക് ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും പോര്‍ച്ചുഗലിനേക്കാള്‍ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്. നാല് പോയിന്റോടെ അല്‍ബാനിയ മൂന്നാമതും ഒരു പോയിന്റ് മാത്രമുള്ള സെര്‍ബിയയും അര്‍മേനിയയും പിറകില്‍.
ഗ്രൂപ്പ് എഫില്‍ കരുത്തരുടെ പോരില്‍ വടക്കന്‍ അയര്‍ലാന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റുമാനിയ ഒന്നാം സ്ഥാനം പിടിച്ചു. നാല് മത്സരങ്ങളില്‍ റുമാനിയക്ക് പത്ത് പോയിന്റും ഇത്രയും മത്സരങ്ങളില്‍ നിന്ന് അയര്‍ലാന്‍ഡിന് ഒമ്പത് പോയിന്റുമാണ്. ഫിന്‍ലാന്‍ഡിനെ ഏക ഗോളിന് കീഴടക്കിയ ഹംഗറി ഏഴ് പോയിന്റുമായി മൂന്നാം സ്ഥാനത്ത്. നാല് പോയിന്റോടെ ഫിന്‍ലാന്‍ഡാണ് നാലാമത്. ഗ്രീസിനെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച് ഫറോ ഐലന്‍ഡ് യോഗ്യതാ റൗണ്ടിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യ മൂന്നിലും അവര്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ ഒരു പോയിന്റ് മാത്രമുള്ള ഗ്രീസ് ഏറ്റവും പിറകിലും ഫറോ ഐലന്‍ഡ് മൂന്ന് പോയിന്റോടെ അഞ്ചാം സ്ഥാനത്തും.

ക്രിസ്റ്റ്യാനോക്ക് റെക്കോര്‍ഡ്
അര്‍മേനിയക്കെതിരെ എഴുപത്തൊന്നാം മിനുട്ടില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോ യോഗ്യതാ റൗണ്ടില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമായി. ഇരുപത്തിമൂന്ന് ഗോളുകള്‍.
ഡെന്‍മാര്‍ക്കിന്റെ ജോണ്‍ ദാല്‍ തോമസണ്‍, തുര്‍ക്കിയുടെ ഹകന്‍ സുകുര്‍ എന്നിവരുടെ ഇരുപത്തിരണ്ട് ഗോളുകളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ഗോള്‍ നേടി റെക്കോര്‍ഡ് കുറിച്ചെങ്കിലും ലോകഫുട്‌ബോളര്‍ അര്‍മേനിയക്കെതിരെ തീര്‍ത്തും നിറം മങ്ങി. റയല്‍മാഡ്രിഡിന് വേണ്ടി പുറത്തെടുക്കുന്ന പാതി മികവ് പോലും പോര്‍ച്ചുഗല്‍ നായകന്‍ പുറത്തെടുത്തില്ല. മൂന്ന് ഫ്രീകിക്കുകള്‍ ലഭിച്ചെങ്കിലും അത് ലക്ഷ്യം കണ്ടില്ല.

തൃപ്തിയാകാതെ ജര്‍മന്‍ കോച്ച്
4-0ന് ജയിച്ചിട്ടും ജര്‍മന്‍ കോച്ച് ജോക്വം ലോ തൃപ്തനല്ല. ലോകചാമ്പ്യന്‍മാരാണ് തന്റെ ടീം. ജിബ്രാള്‍ട്ടറിനെതിരെ കുറേക്കൂടി ഗോള്‍ നേടണമായിരുന്നു- ലോ മത്സരശേഷം പറഞ്ഞു. ജര്‍മനിയിലെ നുറംബര്‍ഗിലായിരുന്നു മത്സരം. അതു കൊണ്ടു തന്നെ നാട്ടുകാര്‍ ഒരു റെക്കോര്‍ഡ് ജയം ദേശീയ ടീമില്‍ നിന്ന് പ്രതീക്ഷിച്ചു.
ജിബ്രാള്‍ട്ടര്‍ യുവേഫയില്‍ ഏറ്റവും ഒടുവിലായി അംഗത്വം നേടിയ രാഷ്ട്രമാണ്. ആദ്യ നാല് യോഗ്യതാ മത്സരങ്ങളിലും അവര്‍ പരാജയപ്പെട്ടു. വഴങ്ങിയതാകട്ടെ ഇരുപത്തൊന്ന് ഗോളുകള്‍.
ഒരു ഗോള്‍ പോലും നേടിയിട്ടില്ല. ജിബ്രാള്‍ട്ടര്‍ കോച്ച് അലെന്‍ ബുല സന്തോഷവാനാണ്. ജര്‍മനിയെ 4-0ന് തളച്ചില്ലേ എന്നാണ് കോച്ച് ചോദിക്കുന്നത്. ഇതില്‍ക്കൂടുതലൊന്നും എന്റെ കുട്ടികളില്‍ നിന്ന് പ്രതീക്ഷിക്കരുത്. കാരണം അവരോട് ഞാനിതേ ആവശ്യപ്പെട്ടുള്ളൂ- അലെന്‍ പറഞ്ഞു.
തോമസ് മുള്ളര്‍ (12,29), മരിയോ ഗോസെ (38) എന്നിവര്‍ ജര്‍മനിയെ ആദ്യ പകുതിയില്‍ 3-0ന് മുന്നിലെത്തിച്ചു. അറുപത്തേഴാം മിനുട്ടില്‍ യോഗാന്‍ സാന്റോസിന്റെ സെല്‍ഫ് ഗോള്‍ ജര്‍മനിയുടെ വിജയ മാര്‍ജിന്‍ ഉയര്‍ന്നു.

ജോര്‍ജിയന്‍ ഫുട്‌ബോള്‍
മരിച്ചു !
പോളണ്ടിനോട് 4-0ന് തോറ്റതിന് പിന്നാലെ ജോര്‍ജിയ ദേശീയ ടീം കോച്ച് ടെമുറി കെസാബിയ രാജിവെച്ചു. 2009 മുതല്‍ക്ക് ജോര്‍ജിയക്കൊപ്പമുള്ള മുന്‍ ന്യൂകാസില്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ അതങ്ങ് പ്രഖ്യാപിക്കുകയും ചെയ്തു: ജോര്‍ജിയന്‍ ഫുട്‌ബോള്‍ മരിച്ചു !
ഗ്രൂപ്പില്‍ ലീഡ് ചെയ്യുന്ന പോളണ്ടിനേക്കാള്‍ ഏഴ് പോയിന്റ് പിറകിലാണ് ജോര്‍ജിയ.
നിരാശനായാണ് ജോലി രാജിവെക്കുന്നത്. ഇനി ഒരു സാധാരണ ടീം അനുകൂലിയായി മാത്രം കാണാം- ടെമുറി മാധ്യമപ്രവര്‍ത്തകരോട് നിരാശ മറച്ചുവെച്ചില്ല.