ജില്ലാ സീനിയോറിറ്റി പരിഗണിക്കാതെ സ്ഥാനക്കയറ്റം നല്‍കിയതായി ആരോപണം

Posted on: November 15, 2014 10:14 am | Last updated: November 15, 2014 at 10:14 am

കോഴിക്കോട്: ജില്ലയിലെ എല്‍ എസ് ജി ഡി എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ജില്ലാ സീനിയോറിറ്റി പരിഗണിക്കാതെ പ്രമോഷന്‍ നല്‍കിയതായി ആരോപണം. മലപ്പുറം ജില്ലയില്‍ പി എസ് സി മുഖേന നിയമിതനായ ജീവനക്കാരനാണ് സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് കോഴിക്കോട് ജില്ലയില്‍ നിരവധി സീനിയര്‍ ജീവനക്കാര്‍ നിലവിലിരിക്കെ പ്രമോഷന്‍ നല്‍കിയിരിക്കുന്നത്. ഡി ആര്‍ ബി നിയമനം മറികടന്ന് നല്‍കിയ ഈ പ്രമോഷന്‍ തെറ്റാണെന്ന് ചൂണ്ടികാണിച്ച് വകുപ്പ് മേധാവിക്കും, ഗവ. സെക്രട്ടറിക്കും പരാതി നല്‍കിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. പരാതി നിലനില്‍ക്കെ നിലവില്‍ പ്രമോഷന്‍ ലഭിച്ച ജീവനക്കാര്‍ക്ക് ഒരു പ്രമോഷന്‍ കൂടി നല്‍കി സീനിയര്‍ ക്ലര്‍ക്കായി നിയമിക്കാനുള്ള നടപടി ആരംഭിച്ചതായും അവര്‍ ആരോപിച്ചു. ജില്ലയിലെ എല്‍ എസ് ജി ഡി എന്‍ജിനീയറിംഗ് വിഭാഗത്തിലെ തെറ്റായ ഈ നിയമന നടപടി തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കേരള ഗവണ്‍മെന്റ് ക്ലാസ് ഫോര്‍ എംപ്ലോയീസ് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രമോഷന്‍ നല്‍കുന്നതിനുള്ള നടപടിക്ക് ഡി ഡി ഇ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.