Connect with us

Kozhikode

ആധിപത്യം നേടിയും നേടാനൊരുങ്ങിയും തോടന്നൂര്‍

Published

|

Last Updated

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിലെ എല്‍ പി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ 8882 പോയിന്റോടെ തോടന്നൂര്‍ ചാമ്പ്യന്‍മാരായി. യു പി വിഭാഗം പ്രവൃത്തി പരിചയമേളയിലും, എച്ച് എസ് വിഭാഗം ഗണിത ശാസ്ത്ര മേളയിലും ഇവര്‍ രണ്ടാം സ്ഥാനം നേടി. മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീളുന്ന മറ്റ് മൂന്ന് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്താണ് തോടന്നൂര്‍ ഉപജില്ല. യു പി വിഭാഗം ഐ ടി മേളയില്‍ 24 പോയിന്റുമായി ചേവായൂരിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്തു.
പ്രവൃത്തിപരിചയ മേള എല്‍ പി വിഭാഗത്തില്‍ വടകര ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇതിന് പുറമെ മത്സരങ്ങള്‍ ഏറെക്കുറെ അവസാനിക്കാറായ ഒരു വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തും, മറ്റൊരു വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുമാണ് വടകര.
ഗവ. മോഡല്‍ എച്ച് എസ് എസ്, ബി ഇ എം ഗേള്‍സ് എച്ച് എസ് എസ്, സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച് എസ് എസ്, സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച് എസ് എസ്, ഹിമായത്തുല്‍ ഇസ്‌ലാം എച്ച് എസ് എസ് എന്നിവിടങ്ങളിലായി അരങ്ങേറുന്ന ശാസ്‌ത്രോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. പതിനേഴ് സബ്ജില്ലകളില്‍ നിന്നായി പതിനായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച മേളയില്‍ ശാസ്ത്രചിന്തകളും കരവിരുതും ഭാവനയുമെല്ലാം ചിറകുവിടര്‍ത്തി പുത്തന്‍ കണ്ടുപിടുത്തങ്ങളാണ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്.
എല്‍ പി, യു പി വിഭാഗം പ്രവൃത്തിപരിയ മേളകളുടെയും എച്ച് എസ് വിഭാഗം ഗണിതശാസ്ത്രമേളയുടെയും മത്സരങ്ങളാണ് പൂര്‍ത്തിയായത്. എല്‍ പി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ സ്‌കൂള്‍ തലത്തില്‍ 1843 പോയിന്റ് നേടി ജി എം യു പി എസ് കൊടിയത്തൂര്‍ ഒന്നാം സ്ഥാനവും 1795 പോയിന്റോടെ കാലിക്കറ്റ് ഓര്‍ഫനേജ് കൊളത്തറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തില്‍ കാര്‍ത്തികപള്ളി യു പി സ്‌കൂള്‍ 2182 പോയിന്റോടെ ഒന്നാമതെത്തിയപ്പോള്‍ 2061 പോയിന്റ് നേടിയ മേമുണ്ട എച്ച് എസ് എസ് രണ്ടാം സ്ഥാനക്കാരായി.
എച്ച് എസ് വിഭാഗം ഗണിതശാസ്ത്ര മേളയില്‍ മേമുണ്ട എച്ച് എസ് എസ്, പയ്യോളി ജി വി എച്ച് എസ് എസ് എന്നിവയാണ് സ്‌കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിന് അവകാശികളായത്. യു പി വിഭാഗം ഐ ടി മേളയില്‍ പ്രസന്റേഷന്‍ എച്ച് എസ് എസ് ചേവായൂര്‍ 18 പോയിന്റോടെ ഒന്നാം സ്ഥാനത്തും വടകര എസ് ബജി എം എസ് ബി എസ് രണ്ടാം സ്ഥാനത്തുമാണ്.
മത്സരങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീളുന്ന യു പി വിഭാഗം ശാസ്ത്രമേളയില്‍ ഏഴില്‍ അഞ്ച് ഇനങ്ങളുടെ ഫലങ്ങള്‍ അറിവായപ്പോള്‍ 41 പോയിന്റോടെ തോടന്നൂര്‍ ഉപജില്ലയാണ് മുന്നില്‍. കോഴിക്കോട് റൂറല്‍ (39) നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഹൈസ്‌കൂള്‍ വിഭാഗം ശാസ്ത്രമേളയില്‍ 10 ല്‍ എട്ട് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തോടന്നൂര്‍ (45), കുന്നുമ്മല്‍ (41) എന്നിവ ഒന്നും രണ്ടും സ്ഥാനത്താണ്.
നാലില്‍ രണ്ട് ഇനങ്ങളുടെ ഫലമറിഞ്ഞ എല്‍ പി വിഭാഗം ഗണിതശാസ്ത്ര മേളയില്‍ 24 പോയിന്റോടെ മേലടി ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. കൊയിലാണ്ടി 22 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം ഐ ടി മേളയില്‍ ആറില്‍ നാലിനങ്ങളുടെ ഫലം അറിവായപ്പോള്‍ 25 പോയിന്റോടെ പേരാമ്പ്ര ഉപജില്ല മുന്നിലാണ്. വടകര ഉപജില്ല 24 പോയിന്റുമായി തൊട്ടുപിറകിലുണ്ട്.
എല്‍ പി വിഭാഗം സാമൂഹികശാസ്ത്ര മേളയില്‍ 18 പോയിന്റുമായി കോഴിക്കോട് സിറ്റി ഉപജില്ല മുന്നിട്ട് നില്‍ക്കുന്നു. 14 പോയിന്റ് നേടിയ ഫറോക്ക് ആണ് തൊട്ടുപിന്നില്‍.
അതേ സമയം മെറ്റല്‍ എന്‍ഗ്രേവിംഗ് മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മാര്‍ക്കിടാന്‍ എത്തിയത് ഒരു ജൂറി മാത്രം. മൂന്ന് വിധികര്‍ത്താക്കള്‍ വേണമെന്നാണെങ്കിലും രാവിലെ 10 മണിക്ക് ആരംഭിച്ച് മത്സരം ഒരുമണിക്ക് അവസാനിക്കുമ്പോഴും മറ്റ് വിധികര്‍ത്താക്കള്‍ എത്തിയിരുന്നില്ല.

Latest