Connect with us

Malappuram

കുനിയില്‍ ഇരട്ടക്കൊല: വിചാരണ തുടങ്ങിയാല്‍ ക്രമസമാധാനം തകരുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍

Published

|

Last Updated

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസ് വിചാരണ തുടങ്ങിയാല്‍ പ്രദേശത്ത് ക്രമസമാധാനം തകരാറിലാകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍കോടതിയില്‍ ബോധിപ്പിച്ചു. അതീഖ് റഹ്മാന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ഇരട്ടക്കൊലക്കേസ് വിചാരണ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ യു.എ ലത്തീഫ് ജില്ലാ ജഡ്ജി എന്‍.ജെ ജോസ് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതികളുടെ രാഷ്ട്രീയസാമ്പത്തിക സ്വാധീനമാണ് അതീഖ് റഹ്മാന്‍ വധക്കേസില്‍കുറ്റപത്രം പോലും സമര്‍പ്പിക്കാതെ വന്നതിന് കാരണം. ഇരു കൊലപാതകങ്ങളും ഒരേ പ്രദേശത്ത് ഒരേസമയത്താണ് നടന്നത്. അതിനാല്‍ അതീഖ് റഹ്മാന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുംമുമ്പ് ഇരട്ടക്കൊലക്കേസ് വിചാരണ തുടങ്ങുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇരട്ടക്കൊലയും അതീഖ് റഹ്മാന്‍ വധവും രണ്ടു പ്രദേശങ്ങളില്‍ വ്യത്യസ്ഥ കാലയളവിലാണ് നടന്നതെന്നും പ്രതികളും സാക്ഷിമൊഴികളും തെളിവുകളും വ്യത്യസ്ഥമായതിനാല്‍ കേസില്‍ വിചാരണ നീട്ടരുതെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.വി ഹരി ആവശ്യപ്പെട്ടു. ഇത് പ്രദേശത്തെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം പ്രോസിക്യൂഷന്‍ തളളി. വാദം കേള്‍ക്കുന്നതിനായി കേസ് 18ലേക്ക് മാറ്റി. 2012 ജൂണ്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം. കൊളക്കാടന്‍ സഹോദരങ്ങളായ അബൂബക്കര്‍(കുഞ്ഞാപ്പു48), ആസാദ്(37) എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരിന്നു. മുസ്‌ലിംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറിയുള്‍പ്പെടെ 21 പേരാണ് കേസിലെ പ്രതികള്‍.

Latest