വിടവാങ്ങല്‍ മത്സരത്തില്‍ ഡബിള്‍ തികച്ച് കല്ലടിയുടെ നിഖില്‍ നിതിന്‍

Posted on: November 15, 2014 9:11 am | Last updated: November 15, 2014 at 9:11 am

മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തോടുകൂടി സ്‌കൂള്‍ ഗെയിംസിനോട് വിട പറയാന്‍ ഒരുങ്ങുകയാണ് കല്ലടിയുടെ ടീം ക്യാപ്റ്റനും അന്തര്‍ദേശീയ താരവുമായ നിഖില്‍ നിതിന്‍.
കണ്ണൂരിലെ സ്‌പോര്‍ട്‌സ് കുടുംബത്തില്‍ നിന്ന് എട്ടാം ക്ലാസിലെക്കെത്തിയ നിഖില്‍ അന്ന് മുതല്‍ തന്നെ മല്‍സര രംഗത്തുണ്ട്. കണ്ണൂര്‍ കുളക്കാട് യു പി സ്‌കൂളില്‍ കായികധ്യാപകനായ നിതിന്റെയും ചന്ദ്രലേഖയുടെയും മൂത്ത മകനാണ് നിഖില്‍. അച്ഛന്‍ ദേശീയ താരമായിരുന്നു. വീട്ടമ്മയായ അമ്മ ചന്ദ്രലേഖയും കേരളോല്‍സവം പോലുള്ള മേളകളില്‍ സജീവമാണ്. സഹോദരന്‍ വിഖേഷ് കല്ലടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. 3000 മീറ്റര്‍ ജൂനിയര്‍ വിഭാഗത്തില്‍ 3 ാം സ്ഥാനവും ലഭിച്ചു. മറ്റൊരു സഹോദരന്‍ നവനീത്. നിഖില്‍ മുപ്പത് നാഷണല്‍ മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്. നിഖിലിന്റെ ക്യാപ്റ്റന്‍സി തീരുന്നത് വലിയ നഷ്ടമാണെന്ന് സ്‌കൂള്‍ മാനേജര്‍ സൈതാലികുട്ടി പറഞ്ഞു. ഈ വിജയങ്ങള്‍ക്കെല്ലാം നന്ദിയുള്ളത് സ്‌കൂള്‍ മാനേജരായ സൈതാലികുട്ടിയോടും കോച്ചുമാരായ രാജേഷ്, രാമചന്ദ്രന്‍, ജാഫര്‍ ആണെന്ന് നിഖില്‍ പറഞ്ഞു.
നാളെ നടക്കുന്ന ഹാമര്‍ ത്രോയില്‍ ഹാട്രിക് തികക്കാനുള്ള ശ്രമത്തിലാണ് നിഖില്‍.