Connect with us

International

റോഹിംഗ്യകളെ സംരക്ഷിക്കുന്നതില്‍ മ്യാന്മര്‍ സമ്പൂര്‍ണ പരാജയം: ഒബാമ

Published

|

Last Updated

നായ്പിഡോ: മ്യാന്‍മറിലെ മുസ്‌ലിം ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യകളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്ത് ചില പരിഷ്‌കരണങ്ങള്‍ നടന്നുവെന്നത് യാഥാര്‍ഥ്യമാണെന്നും എന്നാല്‍ അവ സമ്പൂര്‍ണമോ തീര്‍ത്തും പ്രതീക്ഷാപൂര്‍ണമോ അല്ലെന്നും ഒബാമ പറഞ്ഞു.
പ്രതിപക്ഷ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ആംഗ് സാന്‍ സൂക്കിയുമായി അവരുടെ യാംഗോണിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യാന്‍മറിലെ മാറ്റങ്ങള്‍ നല്ല സൂചനയാണ്. എന്നാല്‍ അതിന്റെ വേഗവും ദിശയും ആശാവഹമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും റോഹിംഗ്യാ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിലും വലിയ പ്രശ്‌നങ്ങളുണ്ട്. ഈ രംഗങ്ങളില്‍ വിജയിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല- ഒബാമ പറഞ്ഞു.
അടുത്ത വര്‍ഷം രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമേരിക്കന്‍ പ്രസിഡന്റ് ശക്തമായ പിന്തുണയാണ് സൂക്കിക്ക് വാഗ്ദാനം ചെയ്തത്.
പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടം പ്രഖ്യാപിച്ച ജനാധിപത്യ പരിഷ്‌കാരങ്ങള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് വ്യക്തമാകുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് അത്. സൂക്കിക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഇനിയും റദ്ദാക്കിയിട്ടില്ല.

Latest