Connect with us

International

അഖ്‌സാ പള്ളിയില്‍ മുസ്‌ലിംകളുടെ പ്രവേശനത്തിനുള്ള നിയന്ത്രണം പിന്‍വലിച്ചു

Published

|

Last Updated

ജറൂസലം: അല്‍ അഖ്‌സാ പള്ളിയില്‍ മുസ്‌ലിംകളുടെ പ്രവേശത്തിന് ഇസ്‌റാഈല്‍ അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തു. പള്ളിയില്‍ പ്രവേശിക്കാന്‍ അമ്പത് വയസ്സിന് താഴെയുള്ളവരെ അനുവദിക്കില്ലെന്നായിരുന്നു നേരത്തേ ഇസ്‌റാഈല്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. കാര്യങ്ങള്‍ നേരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്‌കൊണ്ട് നിയന്ത്രണങ്ങള്‍ നീക്കുകയാണെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് മിക്കി റോസന്‍ഫീല്‍ഡ് പറഞ്ഞു. മാസങ്ങളായി ഇവിടെ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു ഇസ്‌റാഈല്‍ പോലീസും സൈന്യവും. പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഫലസ്തീന്‍ സംഘത്തെ തടഞ്ഞതോടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പള്ളി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. മേഖലയിലാകെ പ്രതിഷേധം അലയടിക്കുകയും തുര്‍ക്കി ഭരണാധികാരി ത്വയ്യിബ് ഉര്‍ദുഗാന്‍ അടക്കമുള്ളവര്‍ പ്രതികരിക്കുകയും ചെയ്തതോടെ പള്ളി തുറക്കാന്‍ ഇസ്‌റാഈല്‍ സന്നദ്ധോമാകുകകയായിരുന്നു. ടെമ്പിള്‍ മൗണ്ട് എന്ന് ജൂതന്‍മാര്‍ വിശേഷിപ്പിക്കുന്ന പള്ളി അവര്‍ക്കും പുണ്യസ്ഥലമാണ്.
ജറൂസലമില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്ന് റോസന്‍ഫീല്‍ഡ് പറഞ്ഞു. വ്യാഴാഴ്ച യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ മാധ്യസ്ഥ്യത്തില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ലാ രാജാവ് രണ്ടാമനും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണ് കൂടിക്കാഴ്ച നടത്തിയത്. അല്‍ അഖ്‌സാ പള്ളിയുടെ സുരക്ഷണ അവകാശമുള്ള ഇസ്‌റാഈലും ജോര്‍ദാനും സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കെറി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
1967ലെ ആക്രമണത്തില്‍ ഇസ്‌റാഈല്‍ കൈക്കലാക്കിയ കിഴക്കന്‍ ജറൂസലമില്‍ കഴിഞ്ഞ ജൂലൈ മുതല്‍ മാത്രം 800 ഫലസ്തീന്‍ പൗരന്‍മാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
കൂടുതല്‍ ജൂത കുടിയേറ്റക്കാരെ മേഖലയിലേക്ക് എത്തിക്കുന്നതാണ് സംഘര്‍ഷത്തിന്റെ അടിസ്ഥാന ഹേതു. അല്‍ അഖ്‌സ പള്ളി സംബന്ധിച്ച ആശങ്കകള്‍ പുതിയൊരു ഇന്‍തിഫാദക്ക് വഴിമരുന്നിടുമോയെന്ന് ഇസ്‌റാഈലും അമേരിക്കയും ഭയക്കുന്നുണ്ട്. ജോണ്‍ കെറി കഴിഞ്ഞ ദിവസം ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ചര്‍ച്ച നടത്തിയിരുന്നു.