മറാഠികള്‍ക്കും മുസ്‌ലിംകള്‍ക്കുമുള്ള പ്രത്യേക സംവരണത്തിന് സ്റ്റേ

Posted on: November 15, 2014 12:15 am | Last updated: November 14, 2014 at 11:16 pm

മുംബൈ: മഹാരാഷ്ട്രയിലെ തൊഴില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറാഠികള്‍ക്ക് പതിനാറ് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയ നടപടിയും ചീഫ് ജസ്റ്റിസ് മൊഹിത് ഷാ അധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്. എന്നാല്‍, മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവരണം തുടരും. പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാറാണ് സംവരണം ഏര്‍പ്പെടുത്തിയത്. സംവരണം നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആകെയുള്ള സീറ്റിന്റെ അമ്പത് ശതമാനത്തിലേറെ സംവരണം ഏര്‍പ്പെടുത്തരുതെന്ന സുപ്രീം കോടതി ഇത്തരവും ജഡ്ജി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇതിനകം തന്നെ വിവിധ സമുദായങ്ങള്‍ക്കും മറ്റുമായി 52 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറാഠികള്‍ക്ക് പതിനാറ് ശതമാനവും മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനവും സംവരണം ഏര്‍പ്പെടുത്തിയതോടെ ഇത് 73 ശതമാനമാകും. മറാഠാ സമുദായം മുന്നാക്കം നില്‍ക്കുന്ന സമൂഹമാണെന്ന് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ദേശീയ കമ്മീഷനും മണ്ഡല്‍ കമ്മീഷനും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടി. സംവരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പാണ് മറാഠികള്‍ക്കും മുസ്‌ലിംകള്‍ക്കും സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. അതേസമയം, ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മറാഠാ സംവരണത്തെ പിന്തുണച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.