പ്ലസ്ടു: പ്രവേശനം പൂര്‍ത്തിയാക്കിയ സ്‌കൂളുകള്‍ക്ക് അധ്യയനം തുടരാമെന്ന് സുപ്രീം കോടതി

Posted on: November 14, 2014 10:48 pm | Last updated: November 14, 2014 at 11:49 pm

ന്യൂഡല്‍ഹി: പ്ലസ്ടു പ്രവേശനം പൂര്‍ത്തിയാക്കിയ സ്‌കൂളുകളില്‍ അധ്യയനം തുടരാമെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികളുടെ അധ്യയന വര്‍ഷം നഷ്ടമാകരുതെന്ന് മുന്നറിയിപ്പ് നല്‍കിയ സുപ്രീം കോടതി, അധ്യാപകരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഉത്തരവിട്ടു. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജിയിലാണ് വിധി. പ്ലസ് ടുവിന് നിലവില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നും പ്ലസ് ടു കേസ് നാല് മാസത്തിനകം ഹൈക്കോടതി തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത് താത്കാലിക സംവിധാനമാണെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും ഡിവിഷന്‍ ബഞ്ചും ഉത്തരവ് ശരിവെക്കുകയായിരുന്നു. ഈ ഉത്തരവിനെതിരെ സ്‌കൂള്‍ മാനേജുമെന്റുകള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശിപാര്‍ശ ചെയ്യാത്ത സ്‌കൂളുകള്‍ക്ക് പ്ലസ് ടു അനുവദിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഇത്തരം സ്‌കൂളുകള്‍ക്ക് പ്ലസ് ടു അനുവദിക്കരുതെന്നും പ്രവര്‍ത്തനാനുമതി നല്‍കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അപേക്ഷകരുടെ യോഗ്യത പരിശോധിച്ചതിന് തെളിവില്ലെന്നതുള്‍പ്പെടെയുള്ളവയാണ് കാരണമായി കോടതി വ്യക്തമാക്കിയിരുന്നത്. പ്ലസ്ടു അനുവദിച്ചതില്‍ മെറിറ്റ് അടിസ്ഥാനമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇരുപതിലധികം സ്‌കൂളുകള്‍ക്ക് അനുവദിച്ച പ്ലസ്ടു റദ്ദാക്കേണ്ടിവന്നിരുന്നു.