Connect with us

Gulf

'അഡിപെക് 2014' സമാപിച്ചു

Published

|

Last Updated

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം പ്രദര്‍ശനമായ അബുദാബി അന്താരാഷ്ട്ര പെട്രോളിയം എക്‌സിബിഷന്‍ “അഡിപെക് 2014” സമാപിച്ചു. മിഡിലീസ്റ്റ്, വടക്കന്‍ ആഫ്രിക്ക എന്നിവയുള്‍പ്പെടുന്ന മിന മേഖലയിലെ പെട്രോളിയം രംഗത്തെ പ്രധാന വെല്ലുവിളികളും നേട്ടങ്ങളുമാണ് നാല് ദിവസമായി നടന്ന പ്രദര്‍ശനത്തില്‍ പ്രധാന വിഷയമായത്.
നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും 1,746 പ്രദര്‍ശകരും പങ്കെടുത്ത പ്രദര്‍ശനം അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് നടന്നത്. യു എ ഇ യിലെ ഭരണപ്രതിനിധികളും പെട്രോളിയം മേഖലയിലെ വിദഗ്ധരുമടക്കം നിരവധിയാളുകള്‍ പ്രദര്‍ശനത്തിന്റെ വിവിധ ഘട്ടങ്ങളിലായി നടത്തിയ സെമിനാറുകളില്‍ പങ്കെടുത്തു. കുട്ടികള്‍ക്കും സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന വിധമായിരുന്നു പ്രദര്‍ശനം. പെട്രോളിയം മേഖലയില്‍ അടുത്ത മുപ്പത് വര്‍ഷം നടക്കാനിരിക്കുന്ന മാറ്റങ്ങളും നൂതന സാങ്കേതികവിദ്യകളും വെല്ലുവിളികളുമെല്ലാം വിവിധ കമ്പനികളെ പ്രതിനിധാനംചെയ്തവര്‍ കാര്യകാരണസഹിതം വിശദീകരിച്ചു. മികച്ച ഓയില്‍, ഗ്യാസ് പദ്ധതികള്‍, പുത്തന്‍ സാങ്കേതികവിദ്യകള്‍, മികച്ച സി.എസ്.ആര്‍. സംരംഭങ്ങള്‍, പെട്രോളിയം മേഖലയിലെ സ്ത്രീ പങ്കാളിത്തം, യുവ എന്‍ജിനീയര്‍, മേഖലയില്‍ മികച്ച സേവനം നല്‍കുന്ന കമ്പനികള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ യു എ ഇ യിലെ പെട്രോളിയം കമ്പനി പ്രതിനിധികള്‍ ക്ലാസുകളെടുത്തു. ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങളുടെ പ്രദര്‍ശനം കാണാനായി സാധാരണക്കാരായ നിരവധിപേര്‍ എത്തിയിരുന്നു.