മെക്‌സിക്കോയില്‍ നിയമസഭാ മന്ദിരം പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കി

Posted on: November 14, 2014 12:59 am | Last updated: November 13, 2014 at 10:59 pm

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പ്രക്ഷോഭകാരികള്‍ നിയമസഭക്ക് തീവെച്ചു. 43 കോളജ് വിദ്യാര്‍ഥികളെ കാണാതായതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളിലെ ഏറ്റവും അവസാനത്തെ സംഭവമാണിത്. മെക്‌സിക്കന്‍ സ്റ്റേറ്റായ ഗ്വറാറോയിലെ തലസ്ഥാന നഗരിയിലെ നിയമസഭാ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇതിന് പുറമെ മറ്റു നിരവധി സംസ്ഥാനങ്ങളിലും പ്രക്ഷോഭകര്‍ ശക്തമായി രംഗത്തുവന്നു. വിമാനത്താവളത്തിലേക്കുള്ള വഴി തടയല്‍, പ്രസിഡന്റ് പെനാ നീറ്റോയുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ റവലൂഷനറി പാര്‍ട്ടി മന്ദിരത്തിന് നേരെ ആക്രമണം തുടങ്ങി മെക്‌സിക്കോയിലെങ്ങും പ്രതിഷേധം പടരുകയാണ്. കഴിഞ്ഞ ദിവസം മുഖം മൂടി ധരിച്ചെത്തിയ ആയിരക്കണക്കിനാളുകള്‍ ചില്‍പാന്‍സിന്‍ഗോയില്‍ റാലി നടത്തിയിരുന്നു.
പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നവരില്‍ കൂടുതലും വിദ്യാര്‍ഥികളും അധ്യാപകരുമാണ്. നിയമസഭയിലെ സെഷന്‍സ് ഹാളാണ് പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയത്. സഭക്ക് പുറത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇതിന് തൊട്ടുമുമ്പ് ചില്‍പാന്‍സിന്‍ഗോയിലെ തന്നെ മറ്റൊരു ഭാഗത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ഓഡിറ്റ് ഓഫീസിനും തീവെച്ചു.
വിവിധ സംഘര്‍ഷങ്ങളിലായി അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 43 കോളജ് വിദ്യാര്‍ഥികളെ കൊന്ന് കത്തിച്ചുകളഞ്ഞതായി കഴിഞ്ഞ ദിവസം ഒരു ക്രിമിനല്‍ സംഘം അവകാശപ്പെട്ടിരുന്നു. എന്നാല്‍, സംഭവത്തിലെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച പോലീസാണ് വിദ്യാര്‍ഥികളെ കാണാതായതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.