Connect with us

International

ഉക്രൈനില്‍ റഷ്യ യുദ്ധം വിളിച്ചുവരുത്തുകയാണെന്ന് യു എസ്‌

Published

|

Last Updated

വാഷിംഗ്ടണ്‍: ഉക്രൈന്‍ വിഷയത്തില്‍ റഷ്യ യുദ്ധ സാഹചര്യം വിളിച്ചുവരുത്തുകയാണെന്ന് അമേരിക്ക. ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ സ്ഥാനപതി സാമന്ത പവറാണ് റഷ്യക്കെതിരെ പരാമര്‍ശം നടത്തിയത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ സൈനിക സാന്നിധ്യത്തിന്റെ തെളിവുകള്‍ നാറ്റോക്ക് ലഭിച്ചിട്ടുണ്ടെന്നും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉക്രൈനിലേക്ക് റഷ്യന്‍ സൈന്യം പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവില്‍ സാഹചര്യം പ്രശ്‌നരഹിതമാണെങ്കിലും സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം ഇപ്പോഴും അവശേഷിക്കുകയാണ്. ഉക്രൈനിന്റെ പരമാധികാരവും സമഗ്രതയും റഷ്യ അവഗണിക്കുകയാണെന്നും സാമന്ത പവറ കൂട്ടിച്ചേര്‍ത്തു.
ഉക്രൈന്‍ വിഷയത്തില്‍ ഇത് 26ാമത്തെ തവണയാണ് സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുന്നത്. ഇതുവരെ റഷ്യക്കെതിരെ നടപടികളൊന്നും സുരക്ഷാ കൗണ്‍സില്‍ സ്വീകരിച്ചിട്ടില്ല. സ്ഥിരാംഗമായ റഷ്യക്കെതിരെ അത്രപെട്ടെന്ന് നടപടി സ്വീകരിക്കാന്‍ സുരക്ഷാ കൗണ്‍സിലിന് സാധിക്കുകയുമില്ലെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാല്‍, സുരക്ഷാ കൗണ്‍സിലിനെതിരെ റഷ്യ ശക്തമായി ആഞ്ഞടിച്ചു. സുരക്ഷാ കൗണ്‍സിലിന്റെ മീറ്റിംഗുകള്‍ വെറുമൊരു പ്രഹസന നാടകമാകരുതെന്നും ഇതിലെ അംഗങ്ങള്‍ മറ്റൊരു കടന്നാക്രമണത്തിനുള്ള അവസരമായി മാത്രം സുരക്ഷാ കൗണ്‍സിലിനെ ഉപയോഗപ്പെടുത്തുകയാണെന്നും റഷ്യന്‍ ഉപ പ്രതിനിധി അലക്‌സാണ്ടര്‍ പാന്‍കിന്‍ ചൂണ്ടിക്കാട്ടി.