ജവഹര്‍ ബാലവികാസ്ഭവന്‍ ഉദ്ഘാടനം നാളെ ജില്ലാഭരണകൂടത്തിനും നിര്‍മ്മിതി കേന്ദ്രയ്ക്കും അഭിനന്ദന പ്രവാഹം

Posted on: November 13, 2014 11:15 am | Last updated: November 13, 2014 at 11:15 am

കല്‍പ്പറ്റ: പതിനഞ്ച് വര്‍ഷം ഉപേക്ഷിക്കപ്പെട്ടുകിടന്ന മീനങ്ങാടി ജവഹര്‍ ബാലവികാസ് ഭവന്‍ റെക്കോഡ് സമയം കൊണ്ട് പുനരുജ്ജീവിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാറിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ജില്ലാ നിര്‍മ്മിതി കേന്ദ്രക്കും അഭിനന്ദന പ്രവാഹം. ചുവപ്പുനാടയും മെല്ലെപ്പോക്കുംമൂലം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവിധ പരാതികള്‍ ഉയരുമ്പോഴാണ് തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ നാശത്തിന്റെ വക്കിലെത്തിയ സ്ഥാപനത്തെ നവീകരിച്ച് ജില്ലാഭരണകൂടവും ജില്ലാ നിര്‍മ്മിതി കേന്ദ്രയും മാതൃകയാകുന്നത്.
1999-ല്‍ നിര്‍മ്മാണമാരംഭിച്ചെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ച കെട്ടിടത്തിന്റെ ദുരവസ്ഥയെക്കുറിച്ച് മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ജില്ലയിലെ ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരും സ്ഥാപനം നശിക്കുന്നതിനെക്കുറിച്ച് മുറവിളിയുയര്‍ത്തിയെങ്കിലും വിജിലന്‍സ് കേസടക്കമുള്ള കാരണങ്ങളാല്‍ തീരുമാനമെടുക്കാനായില്ല. ഇതിനിടയില്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥാപനം നവീകരിക്കാന്‍ തയ്യാറാണെന്നും സ്ഥലം തിരികെ നല്‍കണമെന്നും ജില്ലാഭരണകൂടത്തെ അറിയിച്ചു.
സംസ്ഥാനത്തിന് തന്നെ മാതൃകയാകാവുന്ന സ്ഥാപനം ഒരു ഗ്രാമപഞ്ചായത്തിന്റെ പരിധിയിലൊതുങ്ങാതെ ജില്ലയിലെ മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും പ്രയോജനപ്പെടണമെന്ന ചിന്തയില്‍ നവീകരണ പ്രവര്‍ത്തനത്തിന് ജില്ലാ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ തീരുമാനമെടുക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ ശിശുക്ഷേമസമിതിയുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് സമിതി അംഗങ്ങളായ മുഴുവന്‍ ജില്ലാതല ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി യോഗം വിളിക്കുകയും ഈ വര്‍ഷത്തെ ശിശുദിനത്തിന് ഉദ്ഘാടനം നിര്‍വ്വഹിക്കത്തക്ക വിധത്തില്‍ നിര്‍മ്മാണമാരംഭിക്കാന്‍ തിരുമാനമെടുക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ വിവേചനാധികാരമുപയോഗിച്ച് 18 ലക്ഷം രൂപ പ്രവൃത്തികള്‍ക്കായി അനുവദിച്ചു. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് ഡി.ടി.പി.സി.യുമായി ധാരണയിലെത്താനും മുന്‍കൂര്‍ വാടക ഈടാക്കാനും അദ്ദേഹം നേതൃത്വം നല്‍കി. ഈയിനത്തില്‍ ആറ് ലക്ഷം രൂപ ഡി.ടി.പി.സി.യും അനുവദിച്ചതോടെ ഫണ്ട് സംബന്ധിച്ച പ്രതിസന്ധികള്‍ അകന്നു. എ ഡി എം. പി വി ഗംഗാധരന്‍, ഫിനാന്‍സ് ഓഫിസര്‍ സി. ജയകുമാര്‍, അസി. ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ തോമസ് എന്നിവരെ പ്രവൃത്തികളുടെ സമയബന്ധിതമായ മേല്‍നോട്ടത്തിന് നിയോഗിക്കുകയും ചെയ്തു. നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രയെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. സര്‍ക്കാര്‍ സംവിധാനത്തിന്റെ പരാധീനതകളെല്ലാമുള്ള ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ പ്രവര്‍ത്തനം പക്ഷെ അതിശയിപ്പിക്കുന്നതായിരുന്നു. പതിനഞ്ച് വര്‍ഷമായി കാട്മൂടിയും മാലിന്യങ്ങള്‍ നിറഞ്ഞും കിടന്ന കെട്ടിടവും പരിസരവും വൃത്തിയാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജില്ലാ നിര്‍മ്മിതി കേന്ദ്ര പ്രോഗ്രാം മാനേജര്‍ സജിത്ത് പറഞ്ഞു. തൊഴിലാളികളും ഉദ്യോഗസ്ഥരും അഹോരാത്രം പണിപ്പെട്ടാണ് കെട്ടിടം നവീകരിച്ചത്. നവംബര്‍ 14 ന് ഉദ്ഘാടനം നടത്തണമെന്ന ഉദ്ദേശത്തോടെ അവധി ദിവസങ്ങളിലടക്കം ജോലി ചെയ്താണ് കെട്ടിടം ഈ നിലയിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥതയുമുള്ള പ്രവര്‍ത്തനത്തിലൂടെ മാതൃക തീര്‍ത്ത ജില്ലാ ഭരണകൂടത്തിനും ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്കും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അഭിനന്ദനം പ്രവഹിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധിയാളുകള്‍ ജില്ലാകളക്ടറെ നേരിട്ടും ഫോണിലും അഭിനന്ദിച്ചു. സംസ്ഥാനത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനത്തെ സംസ്ഥാന ശിശുക്ഷേമ സമിതി ചെയര്‍മാനും തിരുവനന്തപുരം ജില്ലാ കലക്ടറുമായ ബിജു പ്രഭാകറും അഭിനന്ദിച്ചു.