മദ്യപിച്ചു വാഹനമോടിക്കുന്നത് പിടിക്കല്‍; ആല്‍ക്കോ മീറ്ററിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നു

Posted on: November 13, 2014 5:54 am | Last updated: November 12, 2014 at 11:54 pm

കൊണ്ടോട്ടി: വാഹനമോടിക്കുന്നവര്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പോലീസ് ഉപയോഗിക്കുന്ന ആല്‍ക്കോ മീറ്ററിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നു.
അളവു തൂക്ക ഉപകരണങ്ങള്‍ വര്‍ഷം തോറും ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്ന് സീല്‍ ചെയ്യിക്കണമെന്നാണ് ചട്ടം. എന്നാല്‍ പോലീസുകാര്‍ ഉപയോഗിക്കുന്ന ആല്‍ക്കോ മീറ്റര്‍ കേരളത്തിലെവിടെയും ലീഗല്‍ മെട്രോളജി വിഭാഗത്തില്‍ നിന്ന് സീല്‍ ചെയ്യിക്കാറില്ലെന്ന് ഈ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല ലീഗല്‍ മെട്രോളജി വിഭാഗത്തിനു ഈ ഉപകരണം സീല്‍ ചെയ്യുന്നതിനുള്ള പരിശീലനവും ലഭിച്ചിട്ടില്ല.
പോലീസ് ഉപയോഗിക്കുന്ന ആല്‍ക്കോ മീറ്റര്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതുമാണ് . ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും നിലവിലില്ല.
ചേലേമ്പ്ര സ്വദേശി കെ വി ഷാജി വിവരാവകാശ നിയമ പ്രകാരം ലീഗല്‍ മെട്രോളജി വിഭാഗത്തിന് നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് പോലീസിന്റെ ആല്‍ക്കോ മീറ്റര്‍ തങ്ങളുടെ പക്കല്‍ സീല്‍ ചെയ്യുന്നതിനു ലഭിക്കാറില്ലെന്ന മറുപടി ലഭിച്ചത്. തേഞ്ഞിപ്പലം പോലീസ് ഷാജിയെ മദ്യപിച്ചു വാഹനമോടിച്ചു എന്നതിനു കേസെടുത്തിരുന്നു. ഇതിന്റെ സാധുതയെ ചോദ്യം ചെയ്താണ് ഷാജി ലീഗല്‍ മെട്രോളജി വിഭാഗത്തെ സമീപിച്ചത് .