Connect with us

International

ഹോങ്കോംഗ് പ്രക്ഷോഭം: പങ്കില്ലെന്ന് അമേരിക്ക

Published

|

Last Updated

ബീജിംഗ്: ഹോങ്കോംഗില്‍ അരങ്ങേറുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ അമേരിക്കക്ക് ഒരു പങ്കുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. കഴിഞ്ഞ ദിവസം ബീജിംഗിലെത്തിയതായിരുന്നു അദ്ദേഹം. പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വിദേശകരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ ചൈന ആരോപിച്ചിരുന്നു.
ഹോങ്കോംഗില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഒരു പങ്കുമില്ലെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഈ വിഷയങ്ങളില്‍ ചൈനയിലെ ജനങ്ങളും ഇവിടുത്തെ സര്‍ക്കാറുമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ജനങ്ങളുടെ അവകാശത്തെ അമേരിക്ക പിന്തുണക്കും. ഹോങ്കോംഗില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ ജനങ്ങളുടെ താത്പര്യങ്ങളായിരിക്കും വിജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017ല്‍ പൂര്‍ണ തോതിലുള്ള ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ചൈന മുന്നോട്ടുവരണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. എന്നാല്‍, സ്ഥാനാര്‍ഥികളെ കൃത്യമായി നിരീക്ഷിച്ചതിന് ശേഷമേ മത്സരിപ്പിക്കൂവെന്ന് ചൈനയും ഉറപ്പിച്ച് പറയുന്നുണ്ട്.
ഹോങ്കോംഗില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഉപരോധം നിയമവിരുദ്ധമാണെന്നും സാഹചര്യം നിയന്ത്രണ വിധേയമാക്കാനുള്ള മുഴുവന്‍ പിന്തുണയും പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും ചൈന കൂട്ടിച്ചേര്‍ത്തു. ലോകത്തെവിടെയാണെങ്കിലും എന്തുവിലകൊടുത്തും ക്രമസമാധാനം പാലിക്കാന്‍ ശ്രമിക്കുമെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.

Latest