Connect with us

International

മെക്‌സിക്കോ: ഭരണകക്ഷിയുടെ പാര്‍ട്ടി ആസ്ഥാനത്തിന് പ്രക്ഷോഭകര്‍ തീയിട്ടു

Published

|

Last Updated

മെക്‌സിക്കോ സിറ്റി: 43 കോളജ് വിദ്യാര്‍ഥികളെ കാണാതായതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ മെക്‌സിക്കോയില്‍ ശക്തിപ്പെടുന്നു. ഭരണത്തിലിരിക്കുന്ന ഇന്‍സ്റ്റിറ്റിയൂഷനല്‍ റവല്യൂഷനറി പാര്‍ട്ടി(പി ആര്‍ ഐ)യുടെ ഗ്വറോറിലെ ആസ്ഥാനമന്ദിരം പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കി. ഇതിന് പുറമെ ഒരു പോലീസ് ഉദ്യോഗസ്ഥനെ പ്രക്ഷോഭകാരികള്‍ തടവിലാക്കുകയും ചെയ്തു. രണ്ട് നില കെട്ടിടമാണ് അഗ്നിക്കിരയായതെന്ന് പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ കെട്ടിടത്തിന് തീക്കൊടുത്തതിന് ശേഷം പോലീസുമായി ഏറ്റുമുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മെക്‌സിക്കോയില്‍ പ്രക്ഷോഭം കത്തിപ്പടരുകയാണ്. പോലീസ് കൈമാറിയ 43 കോളജ് വിദ്യാര്‍ഥികളെ ക്രിമിനല്‍ സംഘം കൂട്ടക്കൊല നടത്തി ശരീരം കത്തിച്ചുകളഞ്ഞതായി കഴിഞ്ഞ ആഴ്ച ഒരു വിഭാഗം കുറ്റസമ്മതം നടത്തിയിരുന്നു. സെപ്തംബര്‍ മാസത്തിലാണ് വിദ്യാര്‍ഥികളെ കാണാതായത്. അതേസമയം, വിദ്യാര്‍ഥികളെ കൊലപ്പെടുത്തി എന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ രക്ഷിതാക്കള്‍, ഇതിനുള്ള തെളിവുകള്‍ സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. കോളജ് വിദ്യാര്‍ഥികള്‍ക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
പ്രതിഷേധക്കാര്‍ ചില്‍പ്പന്‍സിഗോയില്‍ പോലീസിന് നേരെ ബോംബെറിഞ്ഞു. ആയിരത്തോളം പേരാണ് പോലീസിന് നേരെ ആക്രമണം നടത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് ഉദ്യോഗസ്ഥര്‍ക്കും എ എഫ് പിയുടെ ഒരു ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും സംഭവത്തില്‍ പരുക്കേറ്റു.