വാഗാ ആക്രമണത്തിലെ പ്രതി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍

Posted on: November 13, 2014 5:44 am | Last updated: November 12, 2014 at 11:45 pm

ഇസ്‌ലാമാബാദ്: വാഗാ അതിര്‍ത്തിയില്‍ ചാവേര്‍ ആക്രമണം നടത്തിയ തീവ്രവാദിയെന്ന് സംശയിക്കുന്നവര്‍ ഉള്‍പ്പെടെ 13 പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. വാഗാ ആക്രമണത്തില്‍ പങ്കെടുത്തവരെന്ന് സംശയിക്കുന്ന തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. നവംബര്‍ രണ്ടിന് പാക്കിസ്ഥാന്‍ ഭാഗത്തുള്ള വാഗാ അതിര്‍ത്തിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖൈബര്‍ മേഖലയില്‍ വെച്ചാണ് തീവ്രവാദികളെ കൊലപ്പെടുത്തിയത്. മേഖല അല്‍ഖാഇദ അടക്കമുള്ള തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളാണ്. മൂന്ന് തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഫൈറ്റര്‍ ജെറ്റുകള്‍ ആക്രമണം നടത്തിയത്. വാഗ അതിര്‍ത്തിയില്‍ ആക്രമണം ആസൂത്രണം ചെയ്തവരും കൊല്ലപ്പെട്ടവരിലുണ്ടെന്ന് സൈന്യം അവകാശപ്പെട്ടു. വാഗാ അതിര്‍ത്തിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജമാഅത്തുല്‍ അഹ്‌റാര്‍ സംഘം ഏറ്റെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സൈന്യം മേഖലയില്‍ ആക്രമണം ശക്തമാക്കിയത്.