Connect with us

International

ഹരിതഗൃഹ വാതകം: അമേരിക്കയും ചൈനയും ചരിത്രപ്രധാന കരാറില്‍ ഒപ്പ് വെക്കും

Published

|

Last Updated

ബീജിംഗ്: ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതിനുള്ള ചരിത്രപരമായ കരാറില്‍ അമേരിക്കയും ചൈനയും ഒപ്പ് വെക്കും. കാലാവസ്ഥ ശാസ്ത്രജ്ഞരുടെ നിരന്തര ആവശ്യം മാനിച്ചാണ് ലോകത്തെ ഏറ്റവും കൂടുതല്‍ മാലിന്യം പുറത്തുവിടുന്ന രണ്ട് രാജ്യങ്ങള്‍ കരാറിലെത്തുന്ന കാര്യം പ്രഖ്യാപിച്ചത്. പരിസ്ഥിതി സ്‌നേഹികള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍ തൊഴില്‍ നഷ്ടപ്പെടുത്തുന്ന കരാര്‍ എന്നാണ് പുതിയ ഉടമ്പടിയെ അമേരിക്കയിലെ പ്രധാന പ്രതിപക്ഷമായ റിപബ്ലിക്കന്‍ പാര്‍ട്ടി വിശേഷിപ്പിച്ചത്. അടുത്ത വര്‍ഷം ആഗോള താപനം സംബന്ധിച്ച് പാരിസീല്‍ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുരാജ്യങ്ങളും പുതിയ പ്രതീക്ഷക്ക് വക നല്‍കുന്ന തീരുമാനത്തിലെത്തിയത്. ബീജിംഗില്‍ നടന്ന ഉച്ചകോടിക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഇരുരാജ്യങ്ങളുടെ സംയുക്ത കരാറില്‍ എത്തുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്. യു എസ് -ചൈന ബന്ധത്തിലെ നാഴികക്കല്ലാണ് പുതിയ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള താപനത്തെ കുറിച്ച് പാരീസില്‍ അടുത്ത വര്‍ഷം നടക്കുന്ന ഉച്ചകോടിക്ക് മുമ്പായി ഉടമ്പടിയില്‍ എത്തുമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും പറഞ്ഞു. ചൈനയും അമേരിക്കയും ആഗോള താപന വിഷയത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചതാണ് കഴിഞ്ഞ ആഗോള താപന സമ്മേളനം എവിടെയുമെത്താതെ പിരിയാന്‍ ഇടയാക്കിയിരുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകള്‍ ഇതുവരെയും ഇരു രാജ്യങ്ങളും മുഖവിലക്കെടുത്തിരുന്നില്ല. 2030 ഓടെ ഹരിതഗൃഹ വാതക നിയന്ത്രണം ലക്ഷ്യമാക്കുന്നതാണ് പുതിയ തീരുമാനം. 2025 ആകുമ്പോഴേക്കും ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത് 26-28 ശതമാനം കുറച്ചുകൊണ്ടുവരും. കാലവസ്ഥാ വ്യതിയാനത്തില്‍ നടപടികളെടുക്കുന്നതില്‍ തങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്ന് ഒബാമ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 45 ശതമാനം കാര്‍ബണ്‍ഡൈയോക്‌സൈഡും അമേരിക്കയും ചൈനയുമാണ് പുറന്തള്ളുന്നത്.

Latest