മദ്‌റസകളിലൂടെ തീവ്രവാദ പ്രചാരണമില്ല: കേന്ദ്രം

Posted on: November 13, 2014 12:02 am | Last updated: November 12, 2014 at 11:21 pm

madrassa_1657839cന്യൂഡല്‍ഹി: മദ്‌റസകളിലൂടെ തീവ്രവാദം പ്രചരിപ്പിക്കുകയോ പ്രചാരണത്തിന്റെ ഭാഗമാകുകയോ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മദ്‌റസകളിലൂടെ തീവ്രവാദ പ്രചാരണം നടത്തുന്നുവെന്ന തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
തീവ്രവാദ പ്രചാരണത്തിലോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ മദ്‌റസകള്‍ ഏര്‍പ്പെടുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില മദ്‌റസകളുടെ കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അത്തരം പ്രദേശങ്ങളിലെ മദ്‌റസകളിലെ ഇന്ത്യക്കാരായ അധ്യാപകര്‍ തീവ്രവാദ പ്രചാരണത്തില്‍ ഏര്‍പ്പെടുന്നില്ല. ദയൂബന്ദി, അല്‍ ഹദീസ്, ജമാഅത്, ബറേല്‍വി തുടങ്ങിയ സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലാണ് അന്വേഷണം നടത്തിയത്. ബര്‍ദ്വാന്‍ ബോംബ് സ്‌ഫോടനത്തിന് ശേഷമാണ് പശ്ചിമ ബംഗാളിലെ ഈ സംഘടനകളുടെ മദ്‌റസകളെ സംബന്ധിച്ച് സംശയമുയര്‍ന്നത്. ഈ മേഖലകളില്‍ മദ്‌റസകള്‍ കേന്ദ്രീകരിച്ച് അയല്‍ രാജ്യത്ത് നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി എന്‍ ഐ എ ആരോപിച്ചിരുന്നു.