Connect with us

Articles

എന്തുകൊണ്ട്, വ്യാജ കുട്ടികളും കള്ളക്കണക്കുകളും?

Published

|

Last Updated

രണ്ട് പ്രശ്‌നങ്ങള്‍ അല്ല, രണ്ട് പ്രതിഭാസങ്ങള്‍ ഉള്‍പ്പെട്ട ഒരു വിഷയമാണ് എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ “യഥാര്‍ഥ കണക്കി”ലെ കളികള്‍. തലയെണ്ണല്‍ തുടങ്ങിയതു മുതല്‍ ഡിവിഷന്‍ നിലനിര്‍ത്താന്‍ ആവശ്യമായ കുട്ടികളെ കടമെടുത്ത് അതിജീവിക്കുന്ന രീതിയാണ് പതിറ്റാണ്ടുകളായി കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. അംഗീകാരം നിലനിര്‍ത്താന്‍ ആവശ്യമായ എണ്ണം കുട്ടികള്‍ ക്ലാസ്സിലുണ്ടെന്ന് തെളിയിക്കാന്‍ പകുതിയിലേറെ വിദ്യാലയങ്ങള്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുതുതായി കണ്ടെത്തി എന്ന വാര്‍ത്തയില്‍ മാത്രമേ പുതുമ ഇല്ലാതെയുള്ളു.
അധ്യാപക നിയമനത്തിനും മാനേജ്‌മെന്റുകള്‍ കുട്ടികളുടെ എണ്ണം കൂട്ടിക്കാണിക്കുന്നുണ്ട് എന്നതും വാസ്തവം. കുട്ടികളുടെ എണ്ണം ക്രമാനുഗതം കുറയുന്നതിനാല്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രതിസന്ധി വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കള്ളക്കണക്കുകള്‍ ബോധിപ്പിക്കാന്‍ എയ്ഡഡ് മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം സംസ്ഥാനത്ത് ശക്തമായി നിലവിലുണ്ട് എന്ന യാഥാര്‍ഥ്യം നിഷേധിക്കാനാവില്ല.
7642 വിദ്യാര്‍ഥികളുടെ വ്യാജക്കണക്കുകളാണ് 849 എയിഡഡ് സ്‌കൂളുകളില്‍ കണ്ടെത്തിയതത്രെ. വസ്തുതകള്‍ മൂടി വെക്കാനും സ്വാര്‍ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനും മാനേജ്‌മെന്റുകള്‍ക്ക് കഴിയുന്നതിന് കാരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേട് തന്നെയാണ്. അതിലൂടെ കോടികളുടെ നഷ്ടം പൊതുവിദ്യാഭ്യാസ വകുപ്പിന് ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ സഹിക്കുകയേ മാര്‍ഗമുള്ളൂ. പക്ഷേ, ഇനി മുതല്‍ കൃത്യമായ പരിശോധനയിലൂടെ എത്ര വിദ്യാര്‍ഥികള്‍ പഠിക്കുന്നുവെന്ന് കണ്ടെത്തണം. അത് എയിഡഡ് വിദ്യാലയങ്ങളില്‍ മാത്രമല്ല, അണ്‍ എയിഡഡ് വിദ്യാലയങ്ങളിലും അനംഗീകൃത വിദ്യാലയങ്ങളിലും കൂടി നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ശുഷ്‌കാന്തി കാണിക്കണം.
ഇനി ഇതിന്റെ മറുവശം, രണ്ടാമത്തെ പ്രതിഭാസത്തെക്കുറിച്ച് പറയാം. അതാണ് കൂടുതല്‍ അപകടകരം. ചില എയിഡഡ് മാനേജ്‌മെന്റുകള്‍ അവരുടെ വിദ്യാലയങ്ങളെ അണ്‍ എക്കണോമിക് എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ച 184 വിദ്യാലയങ്ങളില്‍ കൂടുതലും എയ്ഡഡ് സ്‌കൂളുകളാണ് എന്ന കാര്യം പ്രത്യേകം പഠിക്കുമെങ്കില്‍ അതിന്റെ രഹസ്യതാത്പര്യം കണ്ടെത്താനാകും. അതായത്, നിയമനാധികാരം മാനേജ്‌മെന്റുകള്‍ക്കു നഷ്ടപ്പെടുന്നതോടെ സ്‌കൂള്‍ നടത്താനുളള താത്പര്യം അവര്‍ക്ക് കുറഞ്ഞ് തുടങ്ങിയിരിക്കുന്നുവെന്നതാണത്്. അപ്പോള്‍ പിന്നെ കിട്ടിയ വിലക്ക് കണ്ണായ ഭൂമി വിറ്റുകളയുക, മറ്റെന്തെങ്കിലും ലാഭകരമായ ബിസിനസ്സിലേക്ക് തിരിയുക തുടങ്ങിയ ഗൂഢോദ്ദേശ്യങ്ങള്‍ അത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.
കേരള വിദ്യാഭ്യാസ നിയമത്തില്‍ പുതുതായി വരുത്തിയ ഭേദഗതികളാണ് എയിഡഡ് മാനേജുകളെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ എന്‍ എസ് എസ്, എസ് എന്‍ ഡി പി തുടങ്ങിയ സംഘടനകള്‍ സമരം പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് കെ ഇ ആര്‍ ഭേദഗതിക്കെതിരെയാണ്. നിലവിലുള്ള വിദ്യാഭ്യാസ നിയമമനുസരിച്ച് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി അധ്യാപകരെ നിയമിക്കുന്നതിന് മാനേജര്‍മാര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഒഴിവുകള്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ അംഗീകാരത്തോടു കൂടി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും സര്‍ക്കാര്‍ തന്നെ പരസ്യം നല്‍കി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും അവരില്‍ നിന്ന് മാനേജര്‍മാര്‍ നിയമിക്കുകയും ചെയ്യുക എന്നതാണ്.
നിയമനങ്ങളിലെ അഴിമതി തടയാനും നടപടികള്‍ സുതാര്യമാക്കാനുമായിട്ടാണ് ഇത്തരമൊരു തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തത്. അതിനെ കുറ്റം പറയാനാകില്ല. മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണം. അതുറപ്പാക്കാന്‍ സര്‍ക്കാറിന് ചുമതലയുണ്ട്. എന്നാല്‍, അതേസമയം നിയമനങ്ങള്‍ നടക്കുമെന്ന് ഉറപ്പാക്കുകയും വേണം. എല്ലാം ടീച്ചേഴ്‌സ് ബേങ്കില്‍ നിന്ന് മാത്രമായിരിക്കണം എന്ന വ്യവസ്ഥ എത്രത്തോളം പ്രായോഗികമാണ് ?
അതിനേക്കാളുപരി, പുതിയ അധ്യാപക നിയമനങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നുമുണ്ട്. അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം കാണാതെ പോകരുത്. അതേപോലെ, ഒന്നാം പ്രവൃത്തി ദിവസം തന്നെ നിയമനം നടത്തിയില്ലെങ്കില്‍ അംഗീകാരമില്ല എന്ന പുതിയ വ്യവസ്ഥകളും പുനഃപരിശോധിക്കപ്പെടണം. ചില ഘട്ടങ്ങളിലെങ്കിലും, അധ്യയന വര്‍ഷത്തിനിടയില്‍ നിയമനം വേണ്ടിവരും. അതിന് അംഗീകാരം കൊടുക്കില്ലെന്ന ദുശ്ശാഠ്യം സര്‍ക്കാര്‍ ഉപേക്ഷിക്കണം. പൊതുവില്‍ എയിഡഡ് വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കരുത്. എന്നാല്‍ അതേ സമയം നിയമനങ്ങള്‍ക്ക് മാനദണ്ഡം കര്‍ശനമായി പാലിക്കുകയും വേണം.
ചുരുക്കത്തില്‍, നിക്ഷിപ്ത താത്പര്യങ്ങളും പൊതുവിദ്യാഭ്യാസത്തിന്റെ വിശാല താത്പര്യങ്ങളും തമ്മിലുള്ള പൊരിഞ്ഞ പോരാണ് നടന്നുകൊണ്ടിരിക്കുന്നത്. കേവല സാമ്പത്തിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യമിടുന്ന മാനേജ്‌മെന്റിന്റെ സങ്കുചിത താത്പര്യങ്ങള്‍ ഒരുവശത്ത.് അതിന്റെ മറയില്‍ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചുമതലയില്‍ നിന്ന് ഒഴിയാനുള്ള സര്‍ക്കാറിന്റെ ഗൂഢ തന്ത്രങ്ങള്‍ മറുവശത്തും. മറ്റൊരുവശത്ത,് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ തൊഴിലില്ലാതെ നടക്കേണ്ടിവരുന്ന ദാരുണ സാഹചര്യവും. ലക്ഷങ്ങള്‍ കോഴ കൊടുത്ത് നിയമനംനേടിയ ആയിരക്കണക്കിന് അധ്യാപകര്‍ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ മറയില്‍ നിയമനങ്ങള്‍ തടയുന്ന ധന കാര്യവകുപ്പ് ആയിരങ്ങളുടെ പ്രതീക്ഷകളാണ് തല്ലിക്കെടുത്തുന്നത്. എന്തായാലും, ഇതിലും ഇരകള്‍ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും തന്നെ. വിദ്യാഭ്യാസം വാണിജ്യമായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ തടയാന്‍ പൊതുസമൂഹത്തിന് കഴിയാതെ വരും എന്നതിന്റെ വ്യക്തമായ സൂചനകൂടിയാണിത്.