ബസിന്റെ പിറകുവശത്ത് വലിയ ദ്വാരം; കാര്യമാക്കാതെ ബസ് സര്‍വീസ്

Posted on: November 13, 2014 12:38 am | Last updated: November 12, 2014 at 10:38 pm

രാജപുരം: ബസിന്റെ പുറക് വശത്തെ ദ്വാരം കുട്ടികള്‍ക്ക് കുട്ടിക്കളിയായിട്ടും ഇതൊന്നും കാര്യമാക്കാതെ ബസ് സര്‍വീസ് തുടരുന്നു. പാണത്തൂര്‍- കാഞ്ഞങ്ങാട്- നീലേശ്വരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇത്തരത്തില്‍ ഓടുന്നത്. ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതും നല്ല കളക്ഷന്‍ വഴി ലാഭത്തോടെ ഓടുന്നതാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ട്. നിറഞ്ഞ യാത്രക്കാരും പത്തു മിനിറ്റ് വിത്യാസത്തില്‍ ധാരാളം ബസുകളും ഈ റോഡിന്റെ പ്രത്യേകതയാണ്.
ബസില്‍ ഉള്‍ക്കൊള്ളേണ്ട യാത്രക്കാരുടെ കണക്കോ ഫിറ്റ്‌നസോ, പെര്‍മിറ്റോ പുകയോ കാര്യമാക്കാതെ ഓടുന്ന ബസുകള്‍ ഈ റൂട്ടില്‍ നിരവധിയാണ്. യാത്രക്കാരുമായി സര്‍വീസ് നടത്തുമ്പോള്‍ വാഹന പരിശോധനയില്‍ നിന്നും ഒഴിവാകുന്നതിനാല്‍ ഇത് ബസ് ജീവനക്കാര്‍ക്ക് വലിയ അനുഗ്രഹമാവുകയാണ്. മാത്രമല്ല മത്സര ഓട്ടവും അതിനനുസരിച്ചുള്ള അപകടവും റൂട്ടില്‍ എന്നും ശാപമാണ്. ബസിന്റെ പിറകുവശത്ത് ഇത്ര വലിയ ദ്വാരം ഉണ്ടായിട്ടും ഇത് നന്നാക്കാതെ മാസങ്ങളായി സര്‍വീസ് നടത്തുന്നതും ഇതുവഴി അപകടവും ഉണ്ടായാലേ അധിക്യതരുടെ കണ്ണു തുറക്കുകയുള്ളൂ.