Connect with us

Kozhikode

നരേന്ദ്ര മോദിയുടെത് വിലകുറഞ്ഞ രാഷ്ട്രീയ നാടകം: കെ സി വേണുഗോപാല്‍

Published

|

Last Updated

കോഴിക്കോട്: വര്‍ഗീയതയുടെ ഭൂതത്തെ തുറന്ന് വിട്ട് ജനങ്ങളെ കയ്യിലെടുക്കാന്‍ നോക്കുന്ന നരേന്ദ്ര മോദി വിലകുറഞ്ഞ രാഷ്ട്രീയനാടകമാണ് കളിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ എം പി. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രക്ക് മുതലക്കുളം മൈതാനിയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നോര്‍ത്ത്, സൗത്ത് നിയോജക മണ്ഡലങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം.
ഭരണത്തിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് പോലും പാലിക്കാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമാക്കുകയാണ് ബി ജെ പി സര്‍ക്കാറെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ആധാര്‍ കാര്‍ഡ് അപ്രായോഗികമാണെന്ന് പറഞ്ഞവര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാ പ്രധാനമേഖലകളെയും അധാറുമായി ബന്ധിപ്പിക്കുകയാണ്. കോണ്‍ഗ്രസ് വിമുക്ത ഭാരതം സ്വപ്‌നം കാണുന്ന നരേന്ദ്ര മോദിക്ക് ഇന്ദിരാഗാന്ധിയുടെ പേര് ഒരു ദിവസം കൊണ്ട് തമസ്‌കരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദു സ്സമദ് സമദാനി എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. എം കെ രാഘവന്‍ എം പി പ്രസംഗിച്ചു. കെ പി സി സി വൈസ് പ്രസിഡന്റുമാരായ വി ഡി സതീശന്‍, എന്‍ പീതാംബരക്കുറുപ്പ്, ജനറല്‍ സെക്രട്ടറിമാരായ ശുരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി, സുമ ബാലകൃഷ്ണന്‍, ലതികാ സുഭാഷ്, പത്മജ വേണുഗോപാല്‍, അഡ്വ. ബി ബാബു പ്രസാദ്, എന്‍ സുബ്രഹ്മണ്യന്‍, അഡ്വ. പി എം സുരേഷ്ബാബു, സതീശന്‍ പാച്ചേനി, കെ പി കുഞ്ഞിക്കണ്ണന്‍, കെ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ദീഖ്, അഡ്വ. സജീവ് ജോസഫ്, അഡ്വ. എം ലിജു, അജയ് തറയില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍ സംബന്ധിച്ചു.
രാവിലെ കൊയിലാണ്ടിയില്‍ നിന്ന് ആരംഭിച്ച യാത്ര കക്കോടി, ഫറോക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ മുതലക്കുളം മൈതാനിയില്‍ എത്തിയത്. പ്രവര്‍ത്തകരുടെ ആവേശത്തിലേറി സ്വീകരണ വേദിയിലെത്തിയ സുധീരന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

Latest