Connect with us

Kasargod

കൈക്കമ്പ-ബായാര്‍ റോഡിന്റെ ശോച്യാവസ്ഥ; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Published

|

Last Updated

മഞ്ചേശ്വരം: കൈക്കമ്പ-ബായാര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഉപരോധസമരം സംഘടിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കല്ലുകള്‍ നിരത്തിവെച്ചും ആളുകള്‍ കൂട്ടമായി നിന്നുമാണ് റോഡ് ഉപരോധിച്ചത്.
റോഡ് ഉപരോധിച്ച നാട്ടുകാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. സമരത്തിന് നേതൃത്വം കൊടുത്ത ജനകീയ സമരസമിതിയുടെ ഭാരവാഹികളായ കെ എഫ് ഇഖ്ബാല്‍ ഉപ്പള, ബാബൂ ബേക്കൂര്‍, പ്രശാന്ത് ജോഡ്ക്കല്‍, പ്രദീപ്, തേജു തുടങ്ങി 50 ഓളം പേരെയാണ് അറസ്റ്റുചെയ്തത്.
ബായാറില്‍നിന്ന് കൈക്കമ്പയിലേക്കുള്ള 15 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് കാല്‍നടയാത്രക്കുപോലും സാധ്യമല്ലാത്ത സ്ഥിതിയിലാണുള്ളത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ എം എല്‍ എ ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും ഇത് കണ്ട ഭാവം നടിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദുരിതയാത്രയ്ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ നാട്ടുകാര്‍ കൈക്കമ്പയില്‍ ഉപരോധിച്ചത്.
കുമ്പള എസ് ഐ. ഗംഗാധരന്‍, മഞ്ചേശ്വരം എസ് ഐ. പ്രമോദ്, അഡീഷണല്‍ എസ് ഐ. വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരക്കാരെ ഉച്ചയ്ക്ക് 12 മണിയോടെ അറസ്റ്റുചെയ്ത് നീക്കിയത്. ഉപരോധത്തെതുടര്‍ന്ന് ഈ റൂട്ടില്‍ വാഹന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. രാവിലെ തുടങ്ങിയ ഉപരോധം വൈകിട്ട് ആറ് മണിവരെ നടത്താനായിരുന്നു നാട്ടുകാരുടെ ഉദ്ദേശം. അതിനിടെയാണ് പോലീസ് അറസ്റ്റുചെത് നീക്കിയത്.

 

Latest