ഒരാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കണം

Posted on: November 12, 2014 12:34 am | Last updated: November 12, 2014 at 12:34 am

കൊച്ചി: ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഒരാഴ്ചക്കകം പുരോഗതി അറിയിക്കാനാണ് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിനോട് കോടതി ആവശ്യപ്പെട്ടത്. ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കണമെന്നും പ്രാഥമിക അന്വേഷണം ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ എം എല്‍ എയും മറ്റും സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ശഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നടപടി.
പ്രാരംഭ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് 45 ദിവസത്തെ സാവകാശം നല്‍കിയ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യമുണ്ട്. സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിപ്രകാരം അഴിമതി ആരോപണ കേസുകളില്‍ ഒരാഴ്ചക്കകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ഹരജി ഭാഗത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് തമ്പാന്‍ ചൂണ്ടിക്കാട്ടി.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാലതാമസം വരുത്തുന്നത് കേസ് അട്ടിമറിക്കാന്‍ ഇടയാക്കുമെന്നും ബാര്‍ കോഴ ഇടപാടില്‍ മറ്റൊരു മന്ത്രിക്കെതിരെയും സര്‍ക്കാര്‍ ചീഫ് വിപ്പ് പങ്കുണ്ടെന്ന് ആരോപിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.