Connect with us

Wayanad

വയനാടന്‍ മാനിപ്പുല്ലും വര്‍ണക്കുടകളും ഡല്‍ഹി മേളയില്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാടന്‍ മാനിപ്പുല്ലും വര്‍ണ്ണക്കുടകളും ഡല്‍ഹി മേളയില്‍ ശ്രദ്ധേയമാവും. ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയില്‍ ജില്ലയിലെ മാനിപ്പുല്ല് കരകൗശല വസ്തുക്കളും വര്‍ണ്ണക്കുടകളും അണിനിരക്കും. 15 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന മേളയില്‍ പങ്കെടുക്കുന്നതിന് സംസ്ഥാനത്തെ ഏഴ് കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് അവസരം ലഭിച്ചത്. ജില്ലയിലെ പൂതാടി ഗ്രാമപഞ്ചായത്തിലെ “വര്‍ണ്ണം”, എടവക ഗ്രാമപഞ്ചായത്തിലെ “കതിര്‍” യൂണിറ്റുകളാണ് മേളയില്‍ ജില്ലയെ പ്രതിനിധീകരിക്കുന്നത്.
നവംബര്‍ 14 ന് ആരംഭിച്ച് 27 ന് സമാപിക്കുന്ന മേളയിലേക്ക് ജില്ല-സംസ്ഥാനതല കുടുംബശ്രീ മേളയില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച യൂണിറ്റുകളെയാണ് പങ്കെടുപ്പിക്കുന്നത്.മേളയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായി അംഗങ്ങള്‍ മാനിപ്പുല്ല്, കുട നിര്‍മ്മാണ കാഴ്ചകളും ഒരുക്കുന്നുണ്ട്. ഇതിലൂടെ ഉത്പ്പന്നങ്ങളുടെ വില്‍പ്പനയും ലക്ഷ്യമിടുന്നുണ്ട്. മാനിപ്പുല്ലുകളുടെ നിലവിളക്ക്, തൂക്ക് വിളക്ക്, പൂക്കുട, കുട്ട, വര്‍ക്കിംഗ് മോഡലുകള്‍ തുടങ്ങിയ കരകൗശല വസ്തുക്കളും വിവിധ നിറത്തിലും ആരെയും ആകര്‍ഷിക്കുന്നതുമായ വിവിധയിനം കുടകളുമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
എടവക ഗ്രാമപഞ്ചായത്തിലെ കതിര്‍ കുടനിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് 12 പേരടങ്ങുന്ന പട്ടികവര്‍ഗ്ഗ യുവതികളാണ്. 2002 ല്‍ ആരംഭിച്ച കുട നിര്‍മ്മാണ യൂണിറ്റ് ഇന്ന് പ്രവര്‍ത്തിക്കുന്നത് സ്വന്തമായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്തെ കെട്ടിടത്തിലാണ്.
ഇവര്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങള്‍ അന്യജില്ലകളില്‍ നിന്ന് ശേഖരിക്കുന്നതും യൂണിറ്റംഗങ്ങള്‍ തന്നെയാണ്. ഇവര്‍ക്ക് സഹായവും പ്രോത്സാഹനവുമായി പഞ്ചായത്തും കുടുംബശ്രി ജില്ലാ മിഷനും ഒപ്പമുണ്ട്. അന്താരാഷ്ട്രതലത്തില്‍ സംഘടിപ്പിച്ച മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള എല്ലാ ചെലവുകളും സംസ്ഥാനമിഷന്‍ വഹിക്കും.

---- facebook comment plugin here -----

Latest