Connect with us

Kerala

പുറത്തേക്കുള്ള വഴി തെളിയിച്ചത് ഇ എം എസിന്റെ വിരോധം

Published

|

Last Updated

കണ്ണൂര്‍: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തീപ്പൊരി നേതാവായ എം വി ആറിനെ വര്‍ഗ ശത്രുക്കളെന്ന് ചൂണ്ടിക്കാട്ടിയിരുന്ന കോണ്‍ഗ്രസ് പക്ഷത്തെക്കെത്തിച്ചത് ബദല്‍ രേഖയായിരുന്നു. ബദല്‍ രേഖയുടെ പേരില്‍ എം വി ആറിന് സി പി എമ്മില്‍ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നതിന് ഒരു കാരണം ഇ എം എസിന്റെ വിരോധമായിരുന്നുവെന്ന് എം വി ആര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
ബദല്‍രേഖയുടെ പേരില്‍ സി പി എമ്മില്‍ നിന്ന് സസ്‌പെന്‍ഷിലായതിനെ തുടര്‍ന്ന് സംസ്ഥാന യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന് എം എല്‍ എ ഹോസ്റ്റലിലെ മുറിയിലിരുന്നപ്പോള്‍ ഓര്‍മയിലേക്ക് വന്നത് കേളുവേട്ടന്റെ വാക്കായിരുന്നുവെന്ന് എം വി ആര്‍ തന്നെ പറയുന്നു. ഇ എം എസിന്റെ വിരോധത്തെക്കുറിച്ച് സൂചിപ്പിച്ചത് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന കേളുവേട്ടനായിരുന്നുവെന്ന് എം വി ആര്‍ തന്റെ ആത്മകഥയില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കോഴിക്കോട് സംഘടിപ്പിച്ച സി പി എം റാലിയില്‍ ഇ എം എസ് പ്രസംഗിച്ച് കൊണ്ടിരിക്കെയായിരുന്നു താന്‍ വേദിയിലേക്ക് കടന്നുവന്നത്. അപ്പോള്‍ എം വി ആര്‍ സിന്ദാബാദ് എന്ന വിളികളുയുര്‍ന്നു. കേളുവേട്ടന്റെ കസേരക്കടുത്താണ് താന്‍ ഇന്നത്. അപ്പോഴാണ് രാഘവാ….നീ സൂക്ഷിച്ചോ ഇ എം എസ് നിന്നെ നോട്ടമിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. ഇ എം എസിനെ അടുത്തറിയുന്നവര്‍ക്ക് ഇതില്‍ അത്ഭുതപ്പെടാനില്ലെന്നും എം വി ആര്‍ ആത്മകഥയില്‍ പറയുന്നു. കേരളത്തിലെ സി പി എമ്മില്‍ വലിയൊരു പൊട്ടിത്തെറി തന്നെയുണ്ടാക്കിയ “ബദല്‍ രേഖയുടെ പേരിലായിരുന്നു തനിക്കെതിരായ നടപടിയെങ്കിലും അതിനും എത്രയോ മുമ്പെ പാര്‍ട്ടി നേതൃത്വം തന്നെ നോട്ടമിട്ടിരുന്നുവെന്നും എം വി ആര്‍ പറയുന്നുണ്ട്.
1968ല്‍ ഇ എം എസിനെ വിമര്‍ശിക്കുകയും എ കെ ജിയോടൊപ്പം നില്‍ക്കുകയും ചെയ്ത വിരോധമാണ് തന്നോട് ഇ എം എസിനെന്ന് എം വി ആര്‍ ആത്മകഥയില്‍ പറയുന്നു. എ കെ ജി മരിച്ചിട്ടും ഈ വിരോധം തീര്‍ന്നിരുന്നില്ല. ആ വിരോധം തീര്‍ക്കാന്‍ വേണ്ടിയാണ് ഇ എം എസ് ശ്രമിച്ചു കൊണ്ടിരുന്നത്. ഇ എം എസിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ കാലമെത്ര കഴിഞ്ഞാലും വിമര്‍ശകരെ നശിപ്പിക്കാതെ അദ്ദേഹം അടങ്ങില്ലെന്നും എം വി ആര്‍ ആത്മകഥയില്‍ സൂചിപ്പിച്ചത്. ഇ എം എസിന് തന്നോടുള്ള വിരോധം എത്രമാത്രം ശക്തമായിരുന്നുവെന്ന് അടിവരയിടുന്നു. ബദല്‍ രേഖയുടെ പേരില്‍ ഒരു വര്‍ഷം സസ്‌പെന്‍ഷനിലായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ഇ എം എസിനെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും എം വി ആര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ട്ടിയില്‍ ഐക്യം ഉണ്ടാകണമെന്നും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ തയാറാണെന്നും അറിയിച്ചപ്പോള്‍ എന്നോടൊന്നും പറയേണ്ടയെന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് ലഭിച്ചത്. അന്ന് വൈകീട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുയോഗത്തില്‍ പരസ്യമായി തനിക്കെതിരെ പ്രസംഗിക്കാനും ഇ എം എസ് തയ്യാറായെന്ന് എം വി ആര്‍ ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്. തിരുത്തപ്പെടാന്‍ വേണ്ടി സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയമാക്കിയ സഖാവിനെ പാര്‍ട്ടി ജന. സെക്രട്ടറി പൊതുയോഗത്തില്‍ ആക്രമണം നടത്തിയത് ആദ്യത്തെ സംഭവമായിരുന്നുവെന്നുവെന്നും എം വി ആര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സസ്‌പെന്‍ഷന് ശേഷം ആറ് മാസത്തിനിടയില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ വി എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ തനിക്കെതിരായ ആക്രമണത്തിനായിരുന്നു മുതിര്‍ന്നതെന്ന് എം വി ആര്‍ പറയുന്നു. സസ്‌പെന്‍ഷന്‍ കാലത്ത് തനിക്ക് ഭക്ഷണം തന്ന പയ്യന്നൂരിലെ പി ബാലന്‍ മാസ്റ്ററോട് വിശദീകരണം ചോദിച്ച സന്ദര്‍ഭം വരെഉണ്ടായതായി അദ്ദേഹം ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. പിന്നീട് സസ്‌പെന്‍ഷന് ശേഷം 1986 ജൂണ്‍ 26നാണ് എം വി രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. എം വി രാഘവന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം പാര്‍ട്ടി സഖാക്കള്‍ സ്റ്റേറ്റ് കോണ്‍ഫറന്‍സില്‍ എടുത്ത രാഷ്ട്രീയ നിലപാട് നഗ്നമായ പാര്‍ലമെന്ററി വ്യാമോഹവും വര്‍ഗീയതയുടെ രാഷ്ട്രീയത്തിന് കീഴടങ്ങലുമാണെന്നാണ് പുറത്താക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ പറയുന്ന കാരണങ്ങളിലൊന്ന്. പാര്‍ട്ടി ഭരണഘടന പ്രകാരം ഒരംഗത്തിനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡമൊന്നും തന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ലെന്നാണ് എം വി ആറിന്റെ അഭിപ്രായം.എം വി രാഘവന്‍ പോയത് കൊണ്ട് പാര്‍ട്ടിക്ക് ഒരു ചുക്കം വരാനില്ലെന്നാണ് തൊട്ടടുത്ത ദിവസം നടത്തിയ വിശദീകരണ യോഗത്തില്‍ ഇ എം എസ് പറഞ്ഞത്. 25ാം തീയതി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും തുടര്‍ന്ന് വൈകീട്ട് സ്റ്റേഡിയം കോര്‍ണറിലും നല്‍കിയ സ്വീകരണത്തില്‍ വന്‍ ജനക്കൂട്ടമാണ് എം വി ആറിനെ സ്വീകരിക്കാനെത്തിയത്. എന്നാല്‍ കാസര്‍കോട് നടന്ന സ്വീകരണ പരിപാടിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി.
ജുലൈ നാല്, അഞ്ച്, ആറ് തീയതികളില്‍ നടന്ന സി പി എം കേന്ദ്ര കമ്മിറ്റിയില്‍ ഇ കെ നായനാര്‍ എം വി ആറിനും മറ്റും എതിരായ നടപടിയെ അനുകൂലിച്ചു. ബദല്‍രേഖയുടെ പ്രധാന കര്‍ത്താവ് തന്നെ നായനാരായിരുന്നുവെന്ന് എം വി ആര്‍ പറയുന്നു. ബദല്‍രേഖ എന്ന ആശയം തന്നില്‍ കുത്തിവെച്ചതും രംഗത്തിറക്കിയതും നായനാരായിരുന്നുവെന്ന് എം വി ആര്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. തങ്ങളെ നായനാര്‍ വഞ്ചിക്കുകയായിരുന്നു. ബദല്‍രേഖക്ക് വേണ്ടി വീറോടെ സംസാരിച്ച മറ്റൊരാളായ ടി കെ ശിവദാസമേനോനും പിന്നെ നിലപാട് തിരുത്തി. 1982 ജനുവരിയില്‍ വിജയവാഡയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എ കെ ജിക്ക് പകരം വെക്കാന്‍ കേന്ദ്ര നേതൃത്വത്തില്‍ ഒരാളില്ലെന്ന് താന്‍ ചൂണ്ടിക്കാട്ടിയതും ഇ എം എസിന്റെ നോട്ടപുള്ളിയായി മാറാന്‍ ഇടയാക്കിയ കാര്യവും എം വി ആര്‍ എടുത്തുപറയുന്നുണ്ട്. എ കെ ജി മരിച്ചെങ്കിലും പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താനും പാര്‍ട്ടിയെ നയിക്കാനും ഞങ്ങള്‍ കുറച്ച് പേരൊക്കെയുണ്ടെന്നായിരുന്നു ഇ എം എസ് ഇതിന് നല്‍കിയ മറുപടി. 1980ല്‍ 93 സീറ്റിന്റെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തെയായിരുന്നു എം വി ആര്‍ പ്രതിനിധീകരിച്ചത്. ഇ കെ നായനാരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് എം വി ആറായിരുന്നു. ഇ എം എസിന്റെ ആഗ്രഹം ടി കെ രാമകൃഷ്ണനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു. ടി കെ രാമകൃഷ്ണന്റെ പേര് ഇ എം എസ് നിര്‍ദേശിക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിക്കും ഇതേ അഭിപ്രായമാണെന്ന് ഇ എം എസ് യോഗത്തില്‍ പറഞ്ഞു. ഭൂരിപക്ഷം ലഭിച്ചതോടെ നായനാരെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഇ കെ നായനാര്‍ ആദ്യമായി മുഖ്യമന്ത്രിയായി. മന്ത്രിസഭയില്‍ എം വി ആറും വേണമെന്ന് സി പി എം സെക്രട്ടറിയേറ്റില്‍ പൊതുവായ അഭിപ്രായമുയര്‍ന്നുവന്നപ്പോള്‍ ഇ എം എസ് അതിനും തടസം നിന്നുവെന്ന് എം വി ആര്‍ പറയുന്നു. മന്ത്രിമാരുടെ എണ്ണം കുറച്ച് മാതൃകയാകണമെന്ന് ഇ എം എസിന്റെ നിര്‍ദേശം തന്നെ മന്ത്രിയാക്കാതിരിക്കുകയായിരുന്നുവെന്ന് എം വി ആര്‍ പറഞ്ഞിട്ടുണ്ട്. ടി കെ രാമകൃഷ്ണനെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായത്തെ എതിര്‍ത്ത വിരോധമായിരുന്നു ഇ എം എസിന്. പരിയാരത്ത് മെഡിക്കല്‍ കോളജിന് ശ്രമമാരംഭിച്ചപ്പോള്‍ മുതല്‍ എതിര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ ഇ എം എസായിരുന്നുവെന്ന് എം വി ആര്‍ പറയുന്നു. ഇതിനെല്ലാം കാരണം തന്നോടുള്ള വ്യക്തി വിരോധമാണെന്നാണ് എം വി ആര്‍ ഉറച്ചുവിശ്വസിച്ചത്.

Latest