Connect with us

National

വെടി നിര്‍ത്തല്‍ ലംഘനം തുടര്‍ന്നാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയില്ല: ജയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: വെടി നിര്‍ത്തല്‍ ലംഘനം തുടര്‍ന്നാല്‍ പാക്കിസ്ഥാനുമായി യാതൊരു ചര്‍ച്ചയും സാധ്യമല്ലെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുമ്പോള്‍ ചര്‍ച്ചയുടെ സാധ്യതകളാണ് അടയുന്നത്. ചര്‍ച്ച തുടരണമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനുള്ള സാഹചര്യമൊരുക്കാനുള്ള ബാധ്യത ഇരു പക്ഷത്തിനും ഉണ്ട്. ഒരു പക്ഷം ആ അന്തരീക്ഷം തകര്‍ത്ത് ചര്‍ച്ച തുടരാത്തത് എന്ത്‌കൊണ്ട് എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല- ധനകാര്യ മന്ത്രി കൂടിയായ ജയ്റ്റിലി ഇന്ത്യാ ഗ്ലോബല്‍ ഫോറം യോഗത്തില്‍ പറഞ്ഞു.
ആഗസ്റ്റില്‍ സെക്രട്ടറിതല ചര്‍ച്ച തുടങ്ങാനിരിക്കെ ഹുര്‍റിയത്ത് നേതാക്കളുമായി പാക് സ്ഥാനപതി ചര്‍ച്ച നടത്തിയതോടെയാണ് ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചത്. കാശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച ജയ്റ്റ്‌ലി താഴ്‌വര ഏറെക്കുറെ ശാന്തമാണെന്ന് പറഞ്ഞു. അന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുന്നവരെ മറികടന്ന് സംസ്ഥാനത്ത് സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തലും അനുബന്ധ ദുരിതങ്ങളിലും സൈന്യം ത്യാഗോജ്ജ്വലമായ സേവനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ മേഖലയിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ചൈനയുമായി സാമ്പത്തിക സഹകരണവും വ്യാപാര സഹകരണവും മെച്ചപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ തര്‍ക്കങ്ങളിലും രമ്യമായ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.