ഇസ്‌റാഈല്‍ നിര്‍മിത മതിലിന് നേരെ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ്

Posted on: November 10, 2014 5:15 am | Last updated: November 9, 2014 at 10:17 pm

israelജറൂസലം: കിഴക്കന്‍ ജര്‍മനിയെയും പടിഞ്ഞാറന്‍ ജര്‍മനിയെയും രണ്ട് ധ്രുവങ്ങളിലേക്ക് തള്ളിയിട്ട ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയുടെ 25ാം വാര്‍ഷികത്തില്‍ ഫലസ്തീന്‍ യുവാക്കള്‍ ഇസ്‌റാഈല്‍ നിര്‍മിച്ച വന്‍ മതിലില്‍ തുരങ്കം വീഴ്ത്തി. ആയുധങ്ങളുമായി സംഘടിച്ചെത്തിയ ഫലസ്തീന്‍ യുവാക്കള്‍ വെസ്റ്റ്ബാങ്കിലെ ബിര്‍നബാല ഗ്രാമത്തെ മുറിച്ചു കടന്നുപോകുന്ന ഇസ്‌റാഈല്‍ നിര്‍മിത മതിലില്‍ വന്‍ തുരങ്കം വീഴ്ത്തുകയായിരുന്നു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഇസ്‌റാഈല്‍ ഒരുക്കിയിരുന്നെങ്കിലും ഇതിനെയെല്ലാം അവഗണിച്ചാണ് ഫലസ്തീനിനെ ഒറ്റപ്പെടുത്താന്‍ വേണ്ടി നിര്‍മിക്കപ്പെട്ട മതിലിന് നേരെ ആക്രമണം നടന്നത്. മതിലുകളെത്ര ഉയര്‍ന്നതാണെങ്കിലും ബെര്‍ലിന്‍ മതില്‍ തകര്‍ത്തതുപോലെ ഫലസ്തീനികള്‍ക്ക് നേരെ കെട്ടിയുയര്‍ത്തിയ ഈ മതിലും തകര്‍ന്നുവീഴുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കിയ ഫലസ്തീന്‍ ആക്ടിവിസ്റ്റ് പറഞ്ഞു. 1990ല്‍ ജര്‍മനിയെ വീണ്ടും ഒരുമിച്ചുകൂട്ടുന്നതിലും കമ്യൂണിസം പിന്നോട്ടുപോകുന്നതിലും 25 വര്‍ഷം മുമ്പ് നടന്ന ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ച നിര്‍ണായ പങ്ക് വഹിച്ചിരുന്നു. 28 വര്‍ഷം ബെര്‍ലിന്‍ മതില്‍ നിലനിന്നിരുന്നു. കമ്യൂണിസത്തിന്റെ അടിച്ചമര്‍ത്തല്‍ സിദ്ധാന്തങ്ങളുടെ സിംബലായിരുന്നു കുറേകാലം ബെര്‍ലിന്‍ മതില്‍.
ഇസ്‌റാഈലില്‍ നിന്ന് ഫലസ്തീനികളെ വേര്‍തിരിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട മതിലിനെ വര്‍ണവിവേചന മതിലെന്നാണ് ഫലസ്തീനികള്‍ വിശേഷിപ്പിക്കുന്നത്. 2002ലാണ് ഇതിന്റെ പ്രവര്‍ത്തികള്‍ക്ക് ഇസ്‌റാഈല്‍ തുടക്കം കുറിച്ചത്. തങ്ങളുടെ പ്രദേശങ്ങളെയും ജനങ്ങളെയും സംരക്ഷിക്കാനാണ് ഈ നിര്‍ണായക തീരുമാനമെന്നും ഇസ്‌റാഈല്‍ വാദിക്കുന്നു. എന്നാല്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗിച്ച ഭൂമിയുടെ 85 ശതമാനവും ഇസ്‌റാഈല്‍ ഫലസ്തീനികളുടെ ഭൂമി കൈയേറിയതാണ്. ഫലസ്തീനിന്റെ വലിയൊരു ഭൂപ്രദേശം ഈ ആവശ്യത്തിന് വേണ്ടി ഇസ്‌റാഈല്‍ അതിക്രമം കാണിച്ച് തട്ടിയെടുത്തതായും ഫലസ്തീന്‍ വ്യക്തമാക്കുന്നു.
ഇസ്‌റാഈലിന്റെ ഈ മതില്‍ നിര്‍മാണം ഫലസ്തീന്‍ ജനതക്ക് നിരവധി ദുരിതങ്ങളാണ് സമ്മാനിച്ചത്. നിരവധി ഗ്രാമങ്ങളിലുള്ള ആളുകളെ ഇത് ഒറ്റപ്പെടുത്തി. ഇവരുടെ സാമൂഹിക ജീവിതം തന്നെ തകര്‍ക്കപ്പെട്ടു. പലരുടെയും നിത്യവൃത്തിക്കുള്ള വഴികളടഞ്ഞുവെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നു.
മതില്‍ നിര്‍മാണം അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി നിയമപ്രശ്‌നങ്ങളും മാനുഷിക പ്രശ്‌നങ്ങളും ഈ മതില്‍ നിര്‍മാണം ഫലസ്തീനികള്‍ക്ക് സമ്മാനിച്ചതായി റെഡ് ക്രോസും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഏതായാലും ഈ മതിലിന് നേരെ നടന്ന കഴിഞ്ഞ ദിവസത്തെ ആക്രമണം ഇസ്‌റാഈലിന്റെ അനധികൃത കൈയേറ്റങ്ങളെ ശക്തമായി ചോദ്യം ചെയ്യുന്നതാണ്. കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു ശ്രമം ഇതേ അവസരത്തില്‍ നടന്നിരുന്നു. ഇസ്‌റാഈല്‍ നിര്‍മിച്ച മതില്‍ ജറൂസലമിലോ മസ്ജിദുല്‍ അഖ്‌സയിലോ എത്തുന്നതില്‍ നിന്ന് ഫലസ്തീനികളെ തടഞ്ഞുനിര്‍ത്താന്‍ പര്യാപ്തമല്ലെന്ന് തെളിയിക്കുന്നതായി ഫലസ്തീനിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.