ബാര്‍ കോഴ: രണ്ട് പേരുടെ മൊഴിയെടുത്തു

Posted on: November 9, 2014 11:10 pm | Last updated: November 9, 2014 at 11:10 pm

bribeതിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തില്‍ വിജിലന്‍സ് തെളിവെടുപ്പ് തുടരുന്നു. ബിജു രമേശിന്റെ ഡ്രൈവര്‍, ഹോട്ടല്‍ മാനേജര്‍ എന്നിവരുടെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തി. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പടെ അഞ്ച് പേരോട് ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ച് വിജിലന്‍സ് നോട്ടീസ് നല്‍കി. അതേസമയം, അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി.
ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി, കിഴക്കേകോട്ടയിലെ പാര്‍ക്ക് രാജധാനി ഹോട്ടല്‍ മാനേജര്‍ ശ്യാം മോഹന്‍ എന്നിവരാണ് ഇന്നലെ മൊഴി നല്‍കിയത്. കെ എം മാണിക്ക് തിരുവനന്തപുരത്ത് പണം നല്‍കാനെത്തിയ ബാര്‍ ഹോട്ടല്‍ ഉടമകള്‍ താമസിച്ചത് തന്റെ ഹോട്ടലിലാണെന്ന് നേരത്തേ ബിജു രമേശ് മൊഴി നല്‍കിയിരുന്നു. തന്റെ വാഹനത്തിലാണ് മന്ത്രിക്കുള്ള പണം കൊണ്ടുപോയതെന്നും ബിജു അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി സുരേഷ് കുമാര്‍ ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്.
അസോസിയേഷന്‍ ഭാരവാഹികള്‍ പണവുമായി വാഹനത്തില്‍ കയറിയെന്നും അവരെ മന്ത്രി കെ എം മാണിയുടെ വീട്ടിലെത്തിച്ചുവെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ബാറുടമകള്‍ ഹോട്ടലില്‍ താമസിച്ചിരുന്ന കാര്യവും മാനേജര്‍ സ്ഥിരീകരിച്ചു. ബാറുടമകള്‍ ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകള്‍ നേരത്തെ ബിജു രമേശ് കൈമാറിയിരുന്നു. മൂന്ന് ഘട്ടങ്ങളിലായി പണം നല്‍കാന്‍ പോയവരുടെ പേരുകള്‍ ബിജു രമേശിന്റെ മൊഴിയിലുണ്ട്. ഇതിലുള്‍പ്പെടുന്ന അഞ്ച് പേരോടാണ് ഇന്ന് ഹാജരാകാന്‍ വിജിലന്‍സ് സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.