Connect with us

Alappuzha

വധൂവരന്മാര്‍ വന്നിറങ്ങിയത് ഹെലികോപ്ടറില്‍

Published

|

Last Updated

ആലപ്പുഴ: വിനോദസഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ജലവിമാനം പറന്നിറങ്ങാതിരുന്നിടത്ത് വിവാഹ ടൂറിസത്തിന്റെ ഭാഗമായുള്ള ഹെലികോപ്ടര്‍ വേദിക്കരികില്‍ പറന്നിറങ്ങിയത് നാട്ടുകാരും വിവാഹത്തിന് ക്ഷണിക്കപ്പെട്ടവരും കൗതുകത്തോടെ നോക്കി നിന്നു. വരനും വധുവും വിവാഹസ്ഥലത്തേക്ക് റോഡ് മാര്‍ഗമെത്തുന്നത് കണ്ടു പരിചയിച്ച ആലപ്പുഴക്കാര്‍ക്ക് കൗതുകക്കാഴ്ചയൊരുക്കിയാണ് പാതിരപ്പളളിയിലെ വിവാഹ സ്ഥലത്ത് ഇന്നലെ വരനും കൂട്ടരും ഹെലികോപ്ടറില്‍ പറന്നിറങ്ങിയത്. പാതിരപ്പള്ളി വിജയ കാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രത്യേകം ക്രമീകരിച്ച ഹെലിപ്പാഡില്‍ ഹെലികോപ്റ്ററിലാണ് വരന്‍ കൊല്ലം അഞ്ചാലുംമൂട് പ്രസാദത്തില്‍ പ്രദീപ് ഗോപാലിന്റെ മകന്‍ പ്രദീഷ് വധു ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. വി ജയറാമിന്റെ മകള്‍ ലക്ഷ്മിക്ക് മിന്ന് ചാര്‍ത്താനെത്തിയത്. രാവിലെ പതിനൊന്നോടെയാണ് വരനെയും ബന്ധുക്കളെയും വഹിച്ചു കൊണ്ട് ഹെലികോപ്റ്റര്‍ വിവാഹ വേദിയിലെത്തിയത്. തുടര്‍ന്ന് ശുഭ മുഹൂര്‍ത്തത്തില്‍ ആചാര പ്രകാരം വിവാഹവും തുടര്‍ന്ന് സല്‍ക്കാരവും നടന്നു. വിവാഹത്തിന് ശേഷം രണ്ടരയോടെ ഇരുവരും വരന്റെ ഗൃഹത്തിലേക്ക് മടങ്ങിയതും ഹെലികോപ്റ്ററിലായിരുന്നു. ഹെലി ടൂറിസത്തിന്റെ ഭാഗമായാണ് വിവാഹ ചടങ്ങുകള്‍ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിന് തുടക്കം കുറിച്ചത്.