Connect with us

Kozhikode

റേഷന്‍ കടകള്‍ കാലിയായി; സാധാരണക്കാര്‍ ദുരിതത്തില്‍

Published

|

Last Updated

കോഴിക്കോട്: റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ജനത്തെ ദുരിതത്തിലാക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 17 മുതലാണ് റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരം ആരംഭിക്കുന്നത്. 

അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയും സര്‍ക്കാറിന്റെ ന്യായവില ഷോപ്പുകളില്‍ പോലും വില വര്‍ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികളുടെ സമരം സാധാരണക്കാരെ ഏറെ ബാധിക്കും. റേഷന്‍ വ്യാപാരികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സമരം ആരംഭിക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി മുന്‍കൂര്‍ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അനിശ്ചിതകാല സമരവുമായി വ്യപാരികള്‍ മുന്നോട്ട് പോകുന്നത്.
ഇക്കഴിഞ്ഞ അഞ്ചിന് സംഘടനാ നേതാക്കളുമായി ഭക്ഷ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം സംബന്ധിച്ച് തീരുമാനമായിരുന്നില്ല. 2014 ഫെബ്രുവരിയില്‍ ഭക്ഷ്യമന്ത്രി സംഘടനാ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ചര്‍ച്ചയില്‍ തയ്യാറാകാത്തതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. അരിക്ക് ക്വിന്റലിന് 200 രൂപ കമ്മീഷന്‍ നല്‍കാമെന്നും ആട്ടയും പഞ്ചസാരയും സര്‍ക്കാര്‍ ചെലവില്‍ ഷോപ്പുകളില്‍ എത്തിച്ച് നല്‍കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ 200 രൂപയെന്നത് 90 രൂപയായി കുറക്കുകയും പഞ്ചസാര, ആട്ട എന്നിവ റേഷന്‍ കടകളില്‍ എത്തിച്ചു നല്‍കാനാകില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. തുടര്‍ന്നാണ് സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 10 മുതല്‍ 17 വരെ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹ സമരവും നടത്തും.
ചില്ലറ റേഷന്‍ വ്യാപാരികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുക, റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള കടിശ്ശിക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുക, 2012 ല്‍ കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കാന്‍ നടപടി സ്വീകരിക്കുക, റേഷന്‍ സാധനങ്ങളുടെ ഡോര്‍ ഡെലിവറി ഏര്‍പ്പെടുത്തുക, സോള്‍വന്‍സി രജിസ്‌ട്രേഷനും അതുമായി ബന്ധപ്പെട്ട പരിഷ്‌കരണ നടപടികളും നിര്‍ത്തിവെക്കുക, ഇരട്ട ലൈസന്‍സ് സമ്പ്രദായം പുനഃപരിശോധിക്കുക, റേഷന്‍ കടയില്‍ വില്‍പന നിര്‍ത്തിവെച്ച വിലകൂടിയ റേഷന്‍ സാധനങ്ങളും എ പി എല്‍ ഗോതമ്പും വില്‍ക്കാന്‍ നടപടി സ്വീകരിക്കുക, ഉദ്യോഗസ്ഥരുടെ അനിയന്ത്രിതവും അനാവശ്യവുമായ പരിശോധനകള്‍ നിര്‍ത്തിവെക്കുക, റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയവയാണ് വ്യാപാരികളുടെ പ്രധാന ആവശ്യങ്ങള്‍.
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 90 രൂപ കമ്മീഷന്‍ അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്നാണ് ചെറുകിട റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കുന്നത്. രണ്ടും മൂന്നും സോണുകളില്‍ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് ഈ തുക സാധനങ്ങള്‍ സ്റ്റോക്ക് എത്തിക്കുമ്പോള്‍ തന്നെ ചെലവാകുകയാണ്. പഞ്ചസാരക്ക് ക്വിന്റലിന് 155 രൂപയും മണ്ണെണ്ണക്ക് ബാരലിന് 200 രൂപയും കടകളില്‍ ഇറക്കുമ്പോള്‍ തന്നെ ചെലവാകുന്നുണ്ട്. എന്നാല്‍ ഇവയുടെ വില്‍പനയിലൂടെ ഈ തുകപോലും കച്ചവടക്കാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വര്‍ഷങ്ങളായി വലിയ തുക നഷ്ടം സഹിച്ചാണ് പഞ്ചസാരയും മണ്ണെണ്ണയും കച്ചവടക്കാര്‍ സ്റ്റോക്ക് എടുക്കുന്നതും വില്‍പന നടത്തുന്നതും. ഇങ്ങനെ മുന്നോട്ട്‌പോകാന്‍ കഴിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കുന്നത്.
ജില്ലയില്‍ റേഷന്‍ വ്യാപാരികള്‍ സ്റ്റോക്കെടുപ്പ് ബഹിഷ്‌കരണവും ഇന്റന്റ് ബഹിഷ്‌കരണവും ആരംഭിച്ചതോടെ റേഷന്‍ കടകളെല്ലാം കാലിയായി. ചിലയിടങ്ങളില്‍ സ്റ്റോക്കുള്ള അരി മാസത്തിലെ ആദ്യ ദിവസങ്ങളില്‍ തന്നെ വിതരണം ചെയ്തു. എന്നാല്‍ ഇക്കഴിഞ്ഞ അഞ്ച് മുതല്‍ ഏതാണ്ടെല്ലാ കടകളിലും റേഷന്‍ വിതരണം മുടങ്ങിയിട്ടുണ്ട്. ഇത് ബി പി എല്‍ കുടുംബങ്ങളെ ഉള്‍പ്പെടെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അനുകൂല സാഹചര്യം മുതലെടുത്ത് അരിക്ക് ഉള്‍പ്പെടെ ഇനിയും വില വര്‍ധിക്കാനുള്ള സാധ്യതയുമുണ്ട്.

Latest