Connect with us

Kerala

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കി വിദേശത്ത് മികച്ച ശമ്പളത്തോടുകൂടി ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ (കെ എ എസ് ഇ) പ്രവര്‍ത്തനം ആരംഭിച്ചു. വഴുതക്കാട് കാര്‍മല്‍ ടവറിലുള്ള കെ എ എസ് ഇ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു.
നഴ്‌സിംഗ് മേഖലയെ മികവിന്റെ കേന്ദ്രമാക്കാന്‍ കെ എ എസ ്ഇയും എസ് യു ടി എന്‍ എം സി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലും തമ്മിലുള്ള ധാരണ പത്രവും ചടങ്ങില്‍ ഒപ്പുവെച്ചു. ഏജന്‍സികളുടെ ചൂഷണം അവസാനിപ്പിച്ച് നഴ്‌സ്മാര്‍ക്ക് വിദേശത്ത് മികച്ച ജോലിയും ശമ്പളവും ലഭ്യമാക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഉദ്ഘാടനശേഷം അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സ്ഥാപനം സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് മികച്ച തൊഴില്‍ ലഭ്യമാക്കാന്‍ 18 മേഖലകളില്‍ കൂടി തൊഴില്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ പങ്കാളിയായി പ്രവര്‍ത്തിക്കുന്നത് അബുദാബി എന്‍ എം സി ഹെല്‍ത്ത് കെയര്‍ ആണ്. നഴ്‌സ്മാര്‍ക്ക് നൈപുണ്യം പരിശീലനം നല്‍കി ബിരുദധാരികളായ 5000 നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷം കൊണ്ട് വിവിധ രാജ്യങ്ങള്‍ തൊഴില്‍ നല്‍കുമെന്ന് യു എ ഇ എക്‌സ്‌ചേഞ്ചിന്റെയും എഎംസി ഹെല്‍ത്ത് കെയറിന്റയും എം ഡിയും സി ഇ ഒയുമായ ഡോ. ബി. ആര്‍ ഷെട്ടി പറഞ്ഞു. മൂന്ന് മുതല്‍ ആറ് മാസം വരെ ദൈര്‍ഘ്യമുള്ള പരിശീലമാണ് നഴ്‌സുമാര്‍ക്ക് കെ എ എസ് ഇ വഴി നല്‍കുക. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നല്‍കുന്നതിന് ഏറ്റവും മികച്ച സര്‍വകലാശാലകളെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുവൈറ്റ്, സഊദി, ഒമാന്‍, യു എ ഇ, ഫിലിപ്പീന്‍സ് തുടങ്ങി രാജ്യങ്ങളിലായിരിക്കും ആദ്യപടിയായി തൊഴില്‍ നല്‍കുക. തുടര്‍ന്ന് അമേരിക്ക, യൂറോപ്പ് തുടങ്ങി രാജ്യങ്ങളിലും തൊഴില്‍ ലഭ്യമാക്കും. ഏജന്‍സികളുടെ ചൂഷണം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സേവനമെന്ന നിലയിലാണ് താന്‍ ഈ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതെന്നും ബി ആര്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു. ടോം ജോസ് ഐ എ എസ്, രാഹുല്‍ ആര്‍ ഐഎഎസ് സുധാകരന്‍ ജയറാം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.