ദേശീയ ഗെയിംസ്: ആകാശവാണിയില്‍ വിപുലമായ പദ്ധതി

Posted on: November 8, 2014 12:57 am | Last updated: November 8, 2014 at 12:57 am

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസ് ദേശീയതലത്തില്‍ പ്രക്ഷേപണം ചെയ്യുന്നതിന് ആകാശവാണിവിപുലമായ പദ്ധതി തയ്യാറാക്കി. കേരളത്തിലെ ഏഴ് നിലയങ്ങളും 10 ചാനലുകളുമടക്കം രാജ്യമൊട്ടാകെ കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ റേഡിയോസ്റ്റേഷനുകളും, എഫ് എം സ്റ്റേഷനുകളും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഗെയിംസ്ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രക്ഷേപണം ചെയ്തുതുടങ്ങും. ദേശീയതലത്തില്‍ഹിന്ദിയിലും ഇംഗ്ലീഷിലും ഗെയിംസ് പരിപാടികള്‍ പ്രക്ഷേപണം ചെയ്യും. ഇന്ത്യയിലെ എല്ലാ പ്രാദേശികഭാഷകളിലും പ്രക്ഷേപണം ചെയ്തുവരുന്ന യുവവാണി അടക്കമുള്ള പരിപാടികളില്‍ നാഷണല്‍ ഗെയിംസ് പ്രത്യേകം വിഷയമാകും. ഗെയിംസിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ദേശീയ ശൃംഖലയില്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനും ധാരണയായി. തുടക്കത്തില്‍ ഓരോമണിക്കൂര്‍ ഇടവിട്ട് ഗെയിംസുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ തുടര്‍ച്ചയായി നല്‍കി കൊണ്ടിരിക്കും. മത്സരദിനങ്ങളില്‍എല്ലാദിവസവുംഅരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളസ്‌പെഷ്യല്‍ ഹൈലൈറ്റ്‌സ്ഉണ്ടായിരിക്കും. ആദ്യവെള്ളിയാഴ്ച്ചകളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ആകാശവാണി പുറത്തിറക്കുന്ന വാര്‍ത്താ മാഗസിന്‍ ഇനി സ്‌പെഷ്യല്‍ ഗെയിംസ് എഡിഷനായി അവതരിപ്പിക്കും.
ജനപ്രിയ മത്സരയിനങ്ങളായ ബാസ്‌ക്കറ്റ്‌ബോള്‍, ഹോക്കി, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, കബഡി, ടെന്നീസ്, വോളീബോള്‍, അത്‌ലറ്റിക്‌സ് എന്നിവ നടക്കുന്ന വേദികളില്‍ നിന്നും ദൃക്‌സാക്ഷി വിവരണമുണ്ടായിരിക്കും. മത്സരം നടക്കുന്ന വിവിധ ജില്ലകളെ ഏകോപിപ്പിച്ച് തുടര്‍ച്ചയായ പ്രക്ഷേപണം സാധ്യമാക്കുന്നതിന് ആകാശവാണിയുടെ ഗ്രാന്‍ഡ് സ്റ്റാന്‍ഡ് തിരുവനന്തപുരംകേന്ദ്രമാക്കിസ്ഥാപിക്കും. കേരളത്തിന്റെകായികചരിത്രത്തിലെ പ്രമുഖതാരങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടികള്‍ പ്രക്ഷേപണത്തില്‍ ഇടം നേടും.
മത്സര വിവരങ്ങള്‍ക്ക് പുറമേ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക വൈവിധ്യങ്ങളും വിനോദസഞ്ചാര സാധ്യതകളുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള മറ്റു പരിപാടികളും ലക്ഷ്യമിടുന്നുണ്ട്. കേരളത്തിലെ വിവിധ നിലയങ്ങളില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന പരിപാടികളിലും നാഷണല്‍ ഗെയിംസ് വിഷയങ്ങളാകും.