Connect with us

Eranakulam

അഭിപ്രായ ഭിന്നത; തോമസ് പ്രഥമന്‍ രാജി സന്നദ്ധത അറിയിച്ചു

Published

|

Last Updated

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കാത്തോലിക്ക രാജി സന്നദ്ധത അറിയിച്ചു. സഭയുടെ വര്‍ക്കിംഗ് കമ്മിറ്റിക്കും മാനേജിംഗ് കമ്മിറ്റിക്കും അയച്ച കത്തിലാണ് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക നിലപാട് അറിയിച്ചത്.
41 കൊല്ലമായി നിലനിന്ന സഭയുടെ പാരമ്പര്യവും ഭരണഘടനയും സഭാ നടപടികളും മറന്നുകൊണ്ടുള്ള നീക്കങ്ങള്‍ സഹിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സഭാ മക്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തനിക്ക് ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല. 86 വയസ്സിന്റെ ബലഹീനതകള്‍ വര്‍ധിച്ചു വരുന്നതു കൊണ്ടുകൂടിയാണ് വളരെ വേദനയോടെ വിരമിക്കേണ്ടി വരുന്നതെന്നും കത്തില്‍ വിശദീകരിക്കുന്നു. ബലഹീനനായ താന്‍ ഇവിടെ നിന്ന് താമസം മാറ്റുകയാണെന്നും കത്തില്‍ പറയുന്നു.
മെത്രാപ്പോലീത്തമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് യാക്കോബായ സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും തമ്മില്‍ അഭിപ്രായ ഭിന്നത നിലിന്നിരുന്നു. മുമ്പ് പലതവണ തോമസ് പ്രഥമന്‍ ബാവ രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സഭാ അധ്യക്ഷന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പുതുതായി ചുമതലയേറ്റ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുമായി തോമസ് പ്രഥമന്‍ കാതോലിക്ക ബാവക്കുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ രാജി അംഗീകരിക്കാനാണ് സാധ്യത.
ഇതിനിടെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.