വിശാഖപട്ടണം നാവികസേനാ കപ്പല്‍ അപകടം:” അന്വേഷണത്തിന് ഉത്തരവ്‌

Posted on: November 8, 2014 6:00 am | Last updated: November 8, 2014 at 12:30 am

289616-navy70വിശാഖപട്ടണം: മുങ്ങിയ നാവികസേനാ കപ്പലില്‍ നിന്ന് കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇവരെ കുറിച്ചുള്ള യാതൊരു വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. 23 പേരെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിലെ മുഴുവന്‍ പേരും ലൈഫ് ജാക്കറ്റ് ധരിച്ചവരായിരുന്നുവെന്ന് നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ഏഴ് കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളുമാണ് തിരച്ചില്‍ നടത്തുന്നത്. ആന്ധ്രാപ്രദേശിലെ കടലില്‍ 50,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധിയിലാണ് തിരച്ചില്‍ നടത്തുന്നത്. വിശാഖപട്ടണം ഹാര്‍ബറിന് പുറത്ത് 30 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് രക്ഷാദൗത്യത്തിനിടെയാണ് കപ്പല്‍ മുങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് നാവിക സേനാ മേധാവി ആര്‍ കെ ധോവന്‍ വിദേശപര്യടനം വെട്ടിച്ചുരുക്കി ഉടന്‍ തിരിച്ചെത്തുന്നുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു. 110 ടണ്‍ ഭാരമുള്ള കപ്പല്‍ അപകടം നടക്കുമ്പോള്‍ ടോര്‍പിഡോകള്‍ കണ്ടെടുക്കാനും നാവിക സേനാ കപ്പലുകളുടെ സഞ്ചാര വഴികളില്‍ അപകട സാധ്യത ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനുമുള്ള രക്ഷാദൗത്യത്തിലായിരുന്നുവെന്ന് നാവികസേനാ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ടായ നാവിക സേനാ ദുരന്തത്തില്‍ 15 പേര്‍ മരിച്ചിരുന്നു. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നാവിക സേനാ മേധാവി രാജിവെച്ചിരുന്നു.