ടെസില്‍ കരാറുകാരന് നികുതി ഇളവ് നല്‍കാന്‍ രണ്ടുകോടി വാങ്ങി

Posted on: November 8, 2014 6:00 am | Last updated: November 7, 2014 at 11:31 pm

കോട്ടയം: ബാര്‍ കോഴ വിവാദം പാര്‍ട്ടിയെ ഒന്നാകെ പിടിച്ചുലക്കുമ്പോള്‍ മറ്റൊരു കോഴ വിവാദം കൂടി കേരള കോണ്‍ഗ്രസില്‍ പുകയുന്നു. ചിങ്ങവനത്തെ ടെസില്‍ ഇലക്ട്രോ കെമിക്കല്‍സ് ആന്‍ഡ് ഹൈഡ്രോ പവര്‍ ലിമിറ്റഡിന്റെ സ്‌ക്രാപ്പ് 96 കോടി രൂപക്ക് വില്‍പ്പന നടത്തുന്നതില്‍ ആറ് കോടി രൂപ നികുതി ചുമത്തിയ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ അതേ ദിവസം സ്ഥലം മാറ്റി പ്രതികാരം തീര്‍ത്തതോടെയാണ് കോടികളുടെ കോഴ ഇടപാട് പുറത്തായത്. ഔദ്യോഗിക രംഗത്ത് സത്യസന്ധനെന്ന് പേരെടുത്ത ഈ ഉദ്യോഗസ്ഥന്റെ പേരില്‍ യാതൊരു നടപടിയും പാടില്ലെന്ന് കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ചങ്ങനാശേരി എം എല്‍ എയുമായ സി എഫ് തോമസ് മന്ത്രി കെ എം മാണിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നികുതി വകുപ്പ് ഉദ്യോഗസ്ഥനെതിരെയുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഒരുക്കമല്ലെന്ന നിലപാട് വകുപ്പ് മന്ത്രി കൂടിയായ കെ എം മാണി സ്വീകരിച്ചു. ഉദ്യോഗസ്ഥനെ തിരികെ കൊണ്ടുവരണമെന്ന സി എഫ് തോമസിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീണിരിക്കുന്നത്. മാണിക്കെതിരായ ബാര്‍ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക ഉന്നതാധികാര സമിതി യോഗത്തില്‍ നിന്നും സി എഫ് തോമസ് വിട്ടുനിന്നത് ഇതില്‍ പ്രതിഷേധിച്ചാണെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. സ്‌ക്രാപ്പ് വില്‍പ്പനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഒരു എം പിയുടെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെയും നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ കരാറുകാര്‍ക്ക് സ്‌ക്രാപ്പിന് നികുതി ചുമത്തിയത്. സ്‌ക്രാപ്പ് വില്‍പ്പനക്ക് വന്‍ നികുതി ഇളവ് നല്‍കുന്നതിനായി ഏതാണ്ട് രണ്ടുകോടിയോളം രൂപയുടെ കൈമാറ്റമാണ് നടന്നതെന്നാണ് വിവരം. ഈ പണം കൈമാറ്റം നടത്തിയതിന് ശേഷമാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ സ്‌ക്രാപ്പിന് നികുതി ചുമത്തിയത്. ഇതില്‍ പ്രകോപിതനായ എം പിയുടെ നിര്‍ദേശപ്രകാരമാണ് സെയില്‍ ടാക്‌സ് ഉദ്യോഗസ്ഥനെ വകുപ്പുമന്ത്രി സ്ഥലം മാറ്റിയത്.
കരാറുകാരില്‍ നിന്ന് നികുതി ഇളവ് ചെയ്യുന്നതിന് രണ്ടുകോടി കോഴ വാങ്ങാന്‍ ഇടനില നിന്നത് എം പിയുടെ വിശ്വസ്തനായ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സി എഫ് തോമസിനെ പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഈ നേതാവായിരുന്നു. സി എഫ് തോമസിന്റെ ഭൂരിപക്ഷം വന്‍തോതില്‍ കുറയുന്നതിന് ഇത് വഴിവെക്കുകയും ചെയ്തിരുന്നു. ടെസിലുമായി ബന്ധപ്പെട്ട് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ വന്‍ അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് ഏറെ പ്രതിസന്ധിയിലായ സമയത്താണ് കോഴ ഇടപാടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ കൂടി മറ നീക്കുന്നത്. ഇത് വരുംദിവസങ്ങളില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തിനെതിരെ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ടെസില്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതീകരിക്കാനില്ലെന്ന് സി എഫ് തോമസ് അറിയിച്ചു.