ഒട്ടകത്തില്‍ കാറിടിച്ച് സ്വദേശി യുവാവ് മരിച്ചു

Posted on: November 7, 2014 6:00 pm | Last updated: November 7, 2014 at 6:47 pm

അബുദാബി: റോഡിലെത്തിയ ഒട്ടകങ്ങളില്‍ ഇടിച്ച് നിയന്ത്രണംവിട്ട കാര്‍മറിഞ്ഞ് 34 കാരനായ സ്വദേശി യുവാവ് തല്‍ക്ഷണം മരിച്ചു. പ്രഭാത സമയത്ത് അബുദാബിയിലെ ജോലിസ്ഥലത്തേക്ക് കാറില്‍ പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
വേഗത്തിലോടുകയായിരുന്ന കാറിനു മുമ്പിലേക്ക് റോഡ് മുറിച്ചുകടക്കാനിറങ്ങിയ രണ്ടു ഒട്ടകങ്ങളെ വെട്ടിക്കാന്‍ ശ്രമിച്ചെങ്കിലും അവയെ ഇടിക്കുകയായിരുന്നു. ഒട്ടകങ്ങളെ ഇടിച്ചത് കാരണം നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
റാസല്‍ഖൈമയിലെ റംസ് പ്രദേശവാസിയായ യുവാവിന്റെ മൃതദേഹം ഹെലികോപ്റ്ററിലാണ് സ്വദേശത്തെത്തിച്ചത്. പരേതന് ഭാര്യയും നാല് മക്കളുമുണ്ടെന്ന് പോലീസ് അറിയിച്ചു.