Connect with us

Kerala

അവര്‍ ഓടിയെത്തി; മക്കളുടെ ദുരിതം കാണാന്‍

Published

|

Last Updated

കൊണ്ടോട്ടി: പുളിക്കല്‍ പഞ്ചായത്തിലെ മുഴങ്ങല്ലൂരില്‍ വാഗണ്‍ ട്രാജഡിയെ ഓര്‍മിപ്പിക്കുന്ന അങ്കണ്‍വാടി വാര്‍ത്ത സിറാജില്‍ വന്നതും പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഇന്നലെ അങ്കണ്‍ വാടിയിലെത്തി അധികൃതര്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മ നടത്തി. തങ്ങളുടെ പൈതങ്ങള്‍ ഇത്തരമൊരു അവസ്ഥയിലാണ് അങ്കണ്‍ വാടിയില്‍ പഠിക്കുന്നതെന്ന് അവര്‍ പത്രവാര്‍ത്തയിലൂടെയാണ് മനസ്സിലാക്കിയത്. വാര്‍ത്ത വന്നതും നാടിന്റെ നാനാ ഭാഗത്തു നിന്നും അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. രണ്ട് മീറ്റര്‍ മാത്രം നീളവും വീതിയുമുള്ള അങ്കണ്‍ വാടിയില്‍ 54 കുട്ടികള്‍ ഞെങ്ങി ഞെരുങ്ങി ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന പടമുള്‍പ്പടെയുള്ള സിറാജ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ ഇന്ന് അങ്കണ്‍ വാടി സന്ദര്‍ശിക്കുന്നുണ്ട്. സ്ഥിരം കെട്ടിടമുണ്ടാകുന്നത് വരെ അങ്കണ്‍ വാടി തൊട്ടടുത്തുള്ള ഗവ. എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഒരു വിഭാഗം ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഇതോടെ കുട്ടികള്‍ ദുരിതത്തിലാവുകയായിരുന്നു. അങ്കണ്‍വാടി പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി അടുത്തയാഴ്ച യോഗം ചേരുന്നുണ്ട്. അങ്കണ്‍ വാടി സ്‌കൂളിലേക്ക് മാറ്റുന്നത് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 11 ന് പി ടി എ യോഗവും ചേരുന്നുണ്ട്. അതിനിടെ സ് കൂള്‍ കെട്ടിടത്തിലെ മുകള്‍ നിലയിലേക്ക് താത്കാലികമായി അങ്കണ്‍വാടി മാറ്റുന്നത് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട് . അങ്കണ്‍വാടിക്ക് സ്ഥലം കണ്ടെത്തിയാല്‍ കെട്ടിടമുണ്ടാക്കുന്നതിനു എട്ട് ലക്ഷം രൂപ അനുവദിക്കുന്നതിന് പഞ്ചായത്ത് തീരുമാനമെടുത്തിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. നബാര്‍ഡ് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. അതേ സമയം സ്വന്തം കെട്ടിടമാകുന്നത് വരെ അങ്കണ്‍വാടി സ് കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ നിന്ന് പിന്‍ വലിക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടി സ്വീകരിക്കുമെന്നും അമ്മമാര്‍ പറയുന്നു. അങ്കണ്‍ വാടിയുടെ അറ്റകുറ്റപ്പണികള്‍ നടന്നു കൊണ്ടിരിക്കയാണെന്നും അങ്കണ്‍വാടി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കട സുഗമമായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് അങ്കണ്‍ വാടി സ്‌കൂളിലേക്ക് മാറ്റാന്‍ ചിലര്‍ ആവശ്യപ്പെടുന്നതെന്നും ഒരു വിഭാഗം പറയുന്നു അങ്കണ്‍വാടിയെ സംബന്ധിച്ച വാര്‍ത്ത വന്നതോടെ അനുകൂലിച്ചും എതിര്‍ത്തും നാട്ടുകാരില്‍ വാക്കേറ്റവും സംഘര്‍ഷവും നടന്നു.

---- facebook comment plugin here -----

Latest