Connect with us

International

മസ്ജിദുല്‍ അഖ്‌സ: യു എന്‍ ഇടപെടണമെന്ന് ഫലസ്തീനും ജോര്‍ദാനും

Published

|

Last Updated

ജറൂസലം: ലോക മുസ്‌ലിംകള്‍ പവിത്രമായി കാണുന്ന ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഫലസ്തീനും ജോര്‍ദാനും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഇസ്‌റാഈല്‍ നടത്തുന്ന പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ വീണ്ടും മറ്റൊരു പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നും ഫലസ്തീനും ജോര്‍ദാനും ഐക്യരാഷ്ട്ര സഭയെ ഓര്‍മപ്പെടുത്തി.
ഇസ്‌റാഈല്‍ നടപടിയെ ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീന്‍ വക്താവായ റിയാദ് മന്‍സൂര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത്തരം നടപടികളിലൂടെ മസ്ജിദുല്‍ അഖ്‌സയുടെ മേല്‍ തങ്ങളുടെ നിയന്ത്രണം ഉറപ്പിക്കാമെന്നാണ് ഇസ്‌റാഈല്‍ കരുതുന്നത്. കഴിഞ്ഞ ബുധനാഴ്ച മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനക്കെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഗ്രനേഡും റബ്ബര്‍ ബുള്ളറ്റുകളും ഇസ്‌റാഈല്‍ പ്രയോഗിച്ചു. സംഭവത്തില്‍ 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന് നല്‍കിയ കത്തില്‍ മന്‍സൂര്‍ ഓര്‍മിപ്പിച്ചു.
ജോര്‍ദാനിലെ യു എന്‍ അംബാസിഡര്‍ ദിന കവാറും നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കുന്നതിന് ഫലസ്തീനികള്‍ക്ക് ഇസ്‌റാഈല്‍ സൈന്യം തടസ്സം സൃഷ്ടിക്കുകയാണ്. ലോക മുസ്‌ലിംകള്‍ വിശുദ്ധമായി കാണുന്ന സ്ഥലമാണ് മസ്ജിദുല്‍ അഖ്‌സ. ഇപ്പോഴത്തെ ആക്രമണത്തില്‍ പള്ളിക്ക് തീപ്പിടിച്ചു. ഇതിന് പുറമെ പള്ളിക്കുള്ളിലെ മൊസൈക്കിനും സീലിംഗിനും കെട്ടിടത്തിന്റെ രൂപത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന് പുറമെ പള്ളിക്കുള്ളിലെ കാര്‍പറ്റ് കത്തിക്കുകയും ചെയ്തു. ഇസ്‌റാഈലിന്റെ ഈ നടപടി 1994ലെ സമാധാന ഉടമ്പടിയുടെ ലംഘനമാണ്. യു എന്‍ സുരക്ഷാ കൗണ്‍സില്‍ ഇസ്‌റാഈലിനെ നിലക്ക് നിര്‍ത്തുകയും കൂടുതല്‍ അതിക്രമങ്ങളില്‍ നിന്ന് അവരെ തടയുകയും വേണമെന്നും ദിന കവാര്‍ യു എന്‍ സുരക്ഷാ കൗണ്‍സിലിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
300 ഇസ്‌റാഈല്‍ സുരക്ഷാ സൈനികരുടെ സംരക്ഷണത്തോടെ കഴിഞ്ഞ ദിവസം മസ്ജിദുല്‍ അഖ്‌സയില്‍ ചില ജൂതന്‍മാര്‍ പ്രവേശിച്ചിരുന്നു. ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയ ഫലസ്തീനികളും ഇസ്‌റാഈല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനോടനുബന്ധിച്ച് പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ ഫലസ്തീനികളെയും ഇസ്‌റാഈല്‍ നേരിട്ടിരുന്നു. ഇതിന് പുറമെ ട്രെയിന്‍ കാത്തുനിന്ന ജൂതര്‍ക്കിടയിലേക്ക് മനഃപൂര്‍വം വാഹനം ഓടിച്ചുകയറ്റിയെന്ന് ആരോപിച്ച് ഇസ്‌റാഈല്‍ സൈന്യം കഴിഞ്ഞ ദിവസം ഒരു ഫലസ്തീന്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇപ്പോഴും മസ്ജിദുല്‍ അഖ്‌സയിലും പരിസരപ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, ദീര്‍ഘകാലം ജൂതര്‍ക്ക് മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് തുടര്‍ന്നുകൊണ്ടുപോകാനാകില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനാണ് ഇപ്പോള്‍ മസ്ജിദുല്‍ അഖ്‌സയുടെ രക്ഷകര്‍തൃത്വം.

---- facebook comment plugin here -----

Latest