Connect with us

National

കേന്ദ്രമന്ത്രിസഭാ വികസനം ഞായറാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി ജെ പി നേതാക്കളെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മന്ത്രിസഭ വികസപ്പിച്ചേക്കും. ആറ് പുതിയ മുഖങ്ങളെ കൊണ്ടു വരാനാണ് സാധ്യത. മുക്താര്‍ അബ്ബാസ് നഖ്‌വി, യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍ ഗോവാ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ പട്ടികയിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.
അതിനിടെ, പരീക്കറിന്റെ കേന്ദ്രമന്ത്രിസഭാ പ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. രണ്ട് ദിവസത്തെ മൗനത്തിന് വിരാമമിട്ട് പരീക്കര്‍ തന്നെയാണ് മന്ത്രിസഭാ പ്രവേശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വിശദീകരണം നല്‍കിയത്. കേന്ദ്ര സര്‍ക്കാറില്‍ ആവശ്യപ്പെടുന്ന ഏത് ചുമതലയും ഏറ്റെടുക്കണമെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. രാജ്യം ആവശ്യപ്പെടുകയാണെങ്കില്‍ ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണ്. ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തട്ടകം മാറ്റുന്നതില്‍ തനിക്ക് അസൗകര്യങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവശ്യപ്പെടുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്ന് ഇന്നലെ രാവിലെയാണ് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിരോധ മന്ത്രി പദം പ്രധാനമന്ത്രി വാഗ്ദാനം ചെയ്‌തോ എന്ന ചോദ്യത്തില്‍ അദ്ദേഹം ഒഴിഞ്ഞ് മാറി. ഡല്‍ഹിയിലേക്ക് പ്രവര്‍ത്തന മേഖല പറിച്ചുനടന്നതിനെ കുറിച്ച് പ്രതികരിക്കവെ ഗോവയെയും താന്‍ നന്നായി സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. രാജ്യം തന്റെ സേവനം ആവശ്യപ്പെടുകയാണെങ്കില്‍ അതേറ്റെടുക്കും. ഗോവക്കാര്‍ക്ക് എപ്പോള്‍ തന്നെ ആവശ്യപ്പെടുന്നോ താനപ്പോള്‍ അവിടെ ഉണ്ടാകുമെന്നും പരീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടി കേന്ദ്ര സര്‍ക്കാറില്‍ ചേരാനാവശ്യപ്പെട്ട സാഹചര്യത്തില്‍ പരീക്കര്‍ പാര്‍ട്ടി എം എല്‍ എമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. എന്നാല്‍ ആരായിരിക്കും തന്റെ പിന്‍ഗാമിയെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് പല ഘടകങ്ങളുമുണ്ട്. അത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും പരീക്കര്‍ പ്രതികരിച്ചു. അതേസമയം പരീക്കര്‍ ഈ മാസം എട്ടിന് മുഖ്യമന്ത്രിപദം രാജിവെക്കുമെന്ന് പാര്‍ട്ടിയിലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. അന്ന് ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി പാര്‍ലിമെന്ററി യോഗത്തിന് ശേഷം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. പാര്‍ട്ടി നേതാവും കേന്ദ്ര ടൂറിസം മന്ത്രിയുമായ ശ്രീപദ് നായിക്ക് സംസ്ഥാന മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ പരീക്കര്‍ തള്ളി. അദ്ദേഹം ഇപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാറില്‍ ഒരു സ്ഥാനം വഹിക്കുകയല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പരീക്കര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബി ജെ പിയിലെ മുന്‍നിര നേതാവാണ് പരീക്കര്‍. എന്നാല്‍ അദ്ദേഹത്തെ പ്രതിരോധ മന്ത്രിയാക്കുമെന്ന വാര്‍ത്തക്ക് ഇന്നലെ വരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. ബി ജെ പിയിലെ ചില കേന്ദ്രങ്ങളാണ് മന്ത്രിസഭാ വികസനം സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്.
പല സംസ്ഥാനങ്ങള്‍ക്കും മന്ത്രിസഭയില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ വികസനം നടക്കുന്നത്. അതേസമയം മന്ത്രിസഭാ വികസനം പ്രധാനമന്ത്രി മ്യാന്മറിലേക്ക് പോകുന്ന ഈ മാസം 11ന് മുമ്പ് ഉണ്ടാകുമെന്നാണ് സൂചന. 20 ന് മോദി തിരിച്ചെത്തിയ ശേഷം 24നാണ് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നത്. ഒരു ഡസനിലധികം മന്ത്രിമാര്‍ക്ക് ഇപ്പോള്‍ ഒന്നിലധികം വകുപ്പുകളുടെ ചുമതലയുണ്ട്. അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, പ്രകാശ് ജാവ്‌ദേകര്‍ തുടങ്ങിയവര്‍ പ്രധാനപ്പെട്ട ഒന്നിലധികം വകുപ്പുകളുടെ ചുമത വഹിക്കുന്നുണ്ട്. പരീക്കറിനെയും നഖ്‌വിയെയും കൂടാതെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന മറ്റ് പേരുകള്‍ മുന്‍ വൈദ്യുതി മന്ത്രി സുരേഷ് പ്രഭു, പാര്‍ട്ടി നേതാവ് അശ്വിനി ചൗബെ, യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ, മഹാരാഷ്ട്രയില്‍ നിന്നുള്ള ഹന്‍സ്‌രാജ് ആഷിര്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് ബിരേന്ദര്‍ സിംഗ് തുടങ്ങിയവരാണ്. പ്രകാശ് ജാവ്‌ദേക്കര്‍, നിര്‍മല സീതാരാമന്‍, റാവു ഇന്ദര്‍ജിത് സിംഗ് എന്നിവര്‍ക്ക് ക്യാബിനറ്റ് പദവി ലഭിക്കാനിടയുണ്ട്.

Latest