Connect with us

Kerala

ബാര്‍ കോഴ: പ്രത്യേക സംഘം അന്വേഷിക്കണം: ഡി വൈ എഫ് ഐ

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിന്റെ അന്വേഷണത്തിനായി പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ആവശ്യപ്പെട്ടു. പോലീസ് സേനയിലെ സത്യസന്ധരും ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങാത്തവരുമായ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം. ശരിയായ അന്വേഷണം ഉറപ്പാക്കാന്‍ ധനമന്ത്രി കെ എം മാണി മന്ത്രി സ്ഥാനത്തുനിന്ന് മാറി നില്‍ക്കണം. ഇത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 11ന് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളില്‍ കലക്ടറേറ്റിലേക്കും യുവജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സ്വരാജ് അറിയിച്ചു.
ബാര്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനും ഉത്തരവാദിത്വമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇവരെയും ഉള്‍പ്പെടുത്തണം. ധനമന്ത്രിക്ക് കോഴ നല്‍കിയെന്ന് ബാര്‍ ഹോട്ടലുടമ പരസ്യമായി പറഞ്ഞിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള യുവജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇടത്-ജനാധിപത്യ യുവജന സംഘടനകള്‍ നടത്തിയ നിരാഹാര സമരത്തിനെത്തുടര്‍ന്ന് രേഖാമൂലം നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ബോധപൂര്‍വം ലംഘിക്കുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷനല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്നീ തസ്തികയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് രേഖാമൂലമുള്ള ഉറപ്പാണ് ലംഘിക്കപ്പെടുന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് നിയമനം നല്‍കുന്നത് അംഗീകരിക്കാനാകില്ല.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമനത്തിന് പി എസ് സി ശിപാര്‍ശ ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികളെ അവഗണിച്ചാണ് എയ്ഡഡ് സ്‌കൂളുകളില്‍ ജോലി നഷ്ടപ്പെട്ടവരെ പുനര്‍വിന്യസിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം യുവജന സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം സ്വാരാജ് ആവശ്യപ്പെട്ടു. കെ എസ് സുനില്‍കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.