സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈകോ കുത്തനെ കൂട്ടി

Posted on: November 6, 2014 11:21 pm | Last updated: November 6, 2014 at 11:21 pm

Supplycoതിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി സബ്‌സിഡിയോടെ വിതരണം ചെയ്തു വന്നിരുന്ന ഉത്പന്നങ്ങളുടെ വില കുത്തനെ കൂട്ടി. ഒന്നര രൂപ മുതല്‍ 52 രൂപ വരെ വര്‍ധിച്ചിരിക്കുന്ന പുതുക്കിയ വില നിലവില്‍ വന്നു. ഏഴിനം സാധനങ്ങള്‍ക്കാണ് വില കൂട്ടിയിരിക്കുന്നത്. ഇതില്‍ മല്ലിക്കും പയര്‍ വിഭാഗത്തിനുമാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചിട്ടുള്ളത്.

മല്ലിക്കാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത്. കിലോക്ക് അറുപത് രൂപയായിരുന്ന മല്ലിക്ക് 52 രൂപ വര്‍ധിച്ച് 112 രൂപയായി. 55 രൂപയുണ്ടായിരുന്ന ചെറുപയറിന് 77 രൂപയാണ് പുതിയ വില. ഉഴുന്ന് 42ല്‍ നിന്ന് 76 ആയും വന്‍പയര്‍ 35 രൂപയില്‍ നിന്ന് 49 രൂപയായും വര്‍ധിച്ചു. തുവരക്ക് 22 രൂപ കൂട്ടി. 45 രൂപയായിരുന്ന തുവരക്ക് ഇനി 67 രൂപ കൊടുക്കണം. പൊതുവിപണിയില്‍ 66 രൂപയുള്ളപ്പോഴാണിത്. വെളിച്ചെണ്ണ വില 125 രൂപയില്‍ നിന്ന് 151 രൂപയായും പഞ്ചസാര വില 26 രൂപയില്‍ നിന്ന് 27.50 രൂപയായും വര്‍ധിച്ചു.
വില കൂട്ടിയതോടെ കണ്‍സ്യൂമര്‍ഫെഡിനേക്കാളും വിലക്കൂടുതലായി സപ്ലൈകോയില്‍. പൊതുവിപണിയേക്കാള്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ഇരുപത് മുതല്‍ മുപ്പത് വരെ ശതമാനം മാത്രമേ സബ്‌സിഡി നല്‍കാവൂവെന്ന് അടുത്തിടെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ പിന്‍ബലത്തിലാണ് സബ്‌സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടുള്ളത്. സര്‍ക്കാറില്‍ നിന്ന് കാര്യമായ സഹായമില്ലാത്തതും ബേങ്കുകളില്‍ നിന്ന് കടമെടുക്കാനുള്ള പരിധി കഴിഞ്ഞതും കാരണം സപ്ലൈകോയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് സബ്‌സിഡി ഉത്പന്നങ്ങളുടെ വിലവര്‍ധനവ്.