Connect with us

Malappuram

വെണ്ണായൂര്‍ പാടശേഖരത്തില്‍ വെള്ളക്കെട്ട്

Published

|

Last Updated

കൊണ്ടോട്ടി: വെണ്ണായൂര്‍ പാടശേഖരത്തിലെ വെള്ളക്കെട്ട് മൂലം കൃഷി ചെയ്യാനാവാതെ കര്‍ഷകര്‍. ചേലേമ്പ്ര കൃഷി ഭവനിലെ വെണ്ണയൂര്‍ പാടശേഖരത്തിലെ ഏക്കര്‍ കണക്കിന് വയലുകളാണ് കൃഷി യോഗ്യമല്ലാതായത്. ഏറെയും വെള്ളം ഒഴിഞ്ഞുപോവാനാവാതെ ഉപയോഗശൂന്യമായി തീര്‍ന്നിരിക്കുന്നത്.
വാഴ, മരച്ചീനി, നെല്ല്, കമുക് എന്നിവയെല്ലാം വെള്ളം കെട്ടിന്നിന് ചീഞ്ഞ് നശിച്ചു. നീലിത്തൊടി കോളനിക്ക് സമീപമുള്ള എറിയാട്ട് കൃഷ്ണകുമാറിന്റെ അര ഏക്കറോളം സ്ഥലത്തെ കമുക് കൃഷി പൂര്‍ണമായും നശിച്ചു. ഇതോടെ ഇയാളുടെ കൃഷിയില്‍ നിന്നുള്ള വരുമാനം പാടേ ഇല്ലാതായി. അനധികൃതമായി വയല്‍ തരം മാറ്റപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമായി കര്‍ഷകര്‍ പറയുന്നത്. വയലുകളില്‍ ഉണ്ടായിരുന്ന നീര്‍ച്ചാലുകള്‍ മണ്ണിട്ട് മൂടിയതോടെ വെള്ളം ഒഴുകി പോവാന്‍ കഴിയാതെ വന്നു. തരം മാറ്റാത്ത കര്‍ഷകരുടെ വയലുകളില്‍ വെള്ളം ഒന്നിച്ച് കൂടി. ഒരു തരത്തിലുള്ള കൃഷിയും ചെയ്യാന്‍ പറ്റാത്ത നിലയിലാണ് വയലുകളില്‍ ഏറെയും.
വെള്ളക്കെട്ടില്‍ മുങ്ങിയ വയല്‍ നോക്കി ദു:ഖിക്കുകയാണ് കര്‍ഷകര്‍. ഈ വയലുകളെ കൊണ്ട് ഇനി എന്തു ചെയ്യണമെന്ന ആശങ്കയില്‍ കഴിയുകയാണ് കര്‍ഷകരില്‍ ഏറെ പേരും. പാഴായി കിടക്കുന്ന ഭൂമി ഇനി ഞങ്ങള്‍ക്കെന്തിന് എന്ന ചോദ്യവും ഉയരുന്നു. തങ്ങളും മറ്റു പോംവഴികളിലേക്ക് സ്വയം നീങ്ങേണ്ടി വരുമെന്നാണ് കര്‍ഷകരില്‍ മിക്കവരുടെയും അഭിപ്രായം.
വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് റവന്യൂ അധികാരികള്‍ക്കും കൃഷിവകുപ്പിലും നിരവധി തവണ പരാതി നല്‍കിയിട്ടും ഫലം കണ്ടില്ലെന്നും പറയുന്നു. ആലിന്‍ചുവട്-വെണ്ണയൂര്‍ ഐക്കരപ്പടി തോട് വീതിയും ആഴവും കൂട്ടി സംരക്ഷിച്ചാല്‍ വെണ്ണായൂര്‍ പാടശേഖരത്തിലെ വെള്ളക്കെട്ടിന് പരിഹാരക്കാനാകും.
ചേലേമ്പ്ര ചെറുകാവ് പഞ്ചായത്തുകളുടെ അതിര്‍ വേര്‍തിരിക്കുന്ന ഭാഗം കൂടിയാണിവിടം. ചേലേമ്പ്ര, ചെറുകാവ് ഗ്രാമപഞ്ചായത്തുകള്‍ അവരുടെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ തോട് പുനര്‍നിര്‍മിക്കാന്‍ തുക വകയിരുത്തണമെന്ന് വെണ്ണായൂര്‍-പടിഞ്ഞാറ്റിന്‍പൈ പാടശേഖര സമിതി യോഗം ഇരു പഞ്ചായത്ത് ഭരണസമിതികളോടും ആവശ്യപ്പെട്ടു.
യോഗത്തില്‍ കണ്‍വീനര്‍ എം ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.

Latest