Connect with us

Kerala

വാഗണ്‍ ട്രാജഡിയെ ഓര്‍മിപ്പിച്ച് അങ്കണ്‍വാടി

Published

|

Last Updated

കൊണ്ടോട്ടി: വാഗണ്‍ ട്രാജഡി ദുരന്തം ഓര്‍ത്തുപോകും ഈ അങ്കണ്‍വാടി കാണുമ്പോള്‍. തൊണ്ണൂറ് സ്വാതന്ത്ര്യസമര പോരാളികളെ കുത്തിനിറച്ച ആ ഗുഡ്‌സ് ട്രെയിന്‍ ബോഗിയെ അനുസ്മരിപ്പിക്കും പുളിക്കല്‍ മുഴങ്ങല്ലൂരിലെ 32-ാം നമ്പര്‍ അങ്കണ്‍വാടിക്ക് മുന്നിലെത്തുമ്പോള്‍. ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ പിന്നാമ്പുറത്ത് മൂന്ന് മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയും മാത്രമുള്ള ഇടുങ്ങിയ മുറി. അകത്ത് രണ്ട് അലമാരകള്‍, ഇരുപതിലധികം ധാന്യ ചാക്കുകള്‍. ശേഷിച്ച ഒന്നര മീറ്ററില്‍ നാല് ബഞ്ചുകള്‍.
അമ്പത്തിനാല് കുട്ടികള്‍ക്ക് പഠിക്കാനും കിടക്കാനും ഗുസ്തി പിടിക്കാനും ഇത്രയും സ്ഥലം മതിയെന്ന് തീരുമാനിച്ചവരെ ശിശുക്ഷേമവും ബാലാവകാശ നിയമങ്ങളുമൊന്നും അലട്ടുന്നില്ല. മതിയായ വായുവോ വെളിച്ചമോ കടന്നെത്താത്ത ഈ കൂട്ടില്‍ ഞെങ്ങിഞെരുങ്ങി കഴിയുന്ന പിഞ്ചോമനകളുടെ ദൈന്യം കാണാന്‍ വിദ്യാഭ്യാസ അധികൃതര്‍ക്കോ പഞ്ചായത്ത് അധികൃതര്‍ക്കോ ഇനിയും മുഹൂര്‍ത്തം ഒത്തുവന്നിട്ടില്ല. മഴ തുടങ്ങിയാല്‍ കുട്ടികളുടെ ദുരിതം പെരുക്കും. ചെളി തളംകെട്ടി നില്‍ക്കുന്ന സ്ഥലത്തുവേണം ഉച്ചഭക്ഷണത്തിനിരിക്കാന്‍.
ഇത്രയും കുട്ടികള്‍ക്ക് പഠിക്കാന്‍ നാല് ബഞ്ച് മതിയെന്നാണ് ഇവിടത്തെ സിദ്ധാന്തം. കഴിയാവുന്നിടത്തോളം കുട്ടികള്‍ നാല് ബഞ്ചുകളില്‍ ഇരിക്കും. കിട്ടുന്ന സ്ഥലത്ത് ചിലരെല്ലാം കിടക്കും. തറയിലും സ്ഥലം തികയാതെ വരുമ്പോള്‍ ചിലര്‍ ബഞ്ചിനടിയില്‍ ഇടം കണ്ടെത്തും.
പഠനം പാല്‍പ്പായസമായെന്ന് അവകാശപ്പെടുന്ന നാട്ടില്‍ ഈ കുട്ടികള്‍ പഠനത്തിന്റെ കയ്പ്പും ചവര്‍പ്പും അയവിറക്കിക്കൊണ്ടാണ് സ്‌കൂള്‍ പഠനത്തിന്റെ പ്രാരംഭ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.
കുട്ടികള്‍ക്കോ അധ്യാപികക്കോ ആയക്കോ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ല. കുട്ടികള്‍ മൂത്രമൊഴിക്കാന്‍ അടുത്ത കുറ്റിക്കാട്ടിലേക്ക് ഓടുമ്പോള്‍ അധ്യാപികയും ആയയും അടുത്ത വീടിനെ ആശ്രയിക്കും.
അങ്കണ്‍വാടിയുടെ 25 മീറ്റര്‍ അകലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മൂന്ന് ക്ലാസ് മുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട് . അങ്കണ്‍വാടി അങ്ങോട്ട് മാറ്റാന്‍ പലതവണ നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടെങ്കിലും അങ്കണ്‍വാടിക്ക് അത്രയൊക്കെ മതിയെന്ന നിലപാടിലാണ് അധികൃതര്‍. അനുയോജ്യമായ മൂന്ന് സെന്റ് സ്ഥലം നിലവിലെ കെട്ടിടത്തിനടുത്തു തന്നെ ലഭ്യമാണ്. പക്ഷേ, അങ്കണ്‍വാടികളെ ആര്‍ക്കുവേണം?