Connect with us

Kerala

കാര്‍ഷിക സര്‍വകലാശാലയിലെ ക്രമക്കേട്: വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിവിധ ക്രമക്കേടുകള്‍ക്കെതിരെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ജഡ്ജി കെ ഹരിപാല്‍ ഉത്തരവിട്ടു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. എന്നാല്‍ ആരാണ് അന്വേഷിക്കേണ്ടതെന്ന് കോടതി അന്ന് പറയും. കര്‍ഷക മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റും ബി ജെ പി മധ്യമേഖലാ പ്രസിഡന്റുമായ ടി ചന്ദ്രശേഖരന്‍, അഡ്വ സത്യജിത്ത് മുഖേന സമര്‍പ്പിച്ച പരാതിയിലാണ് കോടതി നടപടി.
ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍, സര്‍വകലാശാല എക്‌സിക്യൂട്ടീവ് അംഗം എം പി വിന്‍സെന്റ് എം എല്‍ എ, മുന്‍ വി സി. കെ ആര്‍ വിശ്വംഭരന്‍, മുന്‍ ഒല്ലൂര്‍ എം എല്‍ എ രാജാജി മാത്യു തോമസ്, രണ്ട് രജിസ്ട്രാര്‍മാര്‍, കംപ്‌ട്രോളര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
കാലഹരണപ്പെട്ട റാങ്ക് പട്ടികയില്‍ നിന്ന് രണ്ട് അധ്യാപകരെ നിയമിച്ചതും അധ്യാപക-അനധ്യാപക നിയമനത്തിലെ ക്രമക്കേടുമാണ് ഇപ്പോഴത്തെ വി സിക്കെതിരായ പരാതി. 230 അസി. പ്രൊഫസര്‍മാര്‍ക്ക് വഴിവിട്ട് അസോസിയേറ്റ് പ്രൊഫസര്‍മാരായി സ്ഥാനക്കയറ്റം നല്‍കിയത് വഴി സ്വകാര്യമായി നേട്ടമുണ്ടാക്കി സര്‍വകലാശാലക്ക് അമിത സാമ്പത്തിക ഭാരം ഉണ്ടാക്കിയെന്നതുമാണ് മുന്‍ വി സിക്ക് എതിരായ പരാതി.
വിജിലന്‍സ് ഡി വൈ എസ് പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് കോടതി ഈ മാസം ഒന്നില്‍ നിന്ന് ബുധനാഴ്ചയിലേക്ക് മാറ്റിയതായിരുന്നു.
അന്വേഷണം ആവശ്യപ്പെട്ടുള്ള നിര്‍ദേശത്തിന് ആവശ്യപ്പെട്ടവയെ കുറിച്ചുള്ള അന്വേഷണം നടത്താതെയും സര്‍വകലാശാലായെ നന്നായി കാണിക്കാനുള്ള ശ്രമവും, മികച്ചതാക്കാനുള്ള ശിപാര്‍ശകളുമാണ് നടത്തിയതെന്നും അത് അസ്വീകാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
കാര്‍ഷിക സര്‍വകലാശാലയിലെ തട്ടില്‍ എസ്റ്റേറ്റ് മുറിച്ചു വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള മറ്റ് കേസുകളും ഇതേ കോടതിയില്‍ നടക്കുന്നുണ്ട്. നേരത്തെ ജങ്കാര്‍ അഴിമതിക്കേസ് പരിഗണിക്കവേ ഡി വൈ എസ് പി ജ്യോതിഷ്‌കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും ഇതേ കോടതി തള്ളി എറണാകുളം എസ് പിക്ക് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു.