ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍പാദനം കുറക്കാനുള്ള ഗവേഷണവുമായി എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍

Posted on: November 6, 2014 12:02 am | Last updated: November 5, 2014 at 10:02 pm

കല്‍പ്പറ്റ: ഹരിത ഗൃഹവാതകങ്ങളുടെ ഉല്‍പാദനം കുറക്കാനുള്ള ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ജില്ലാ ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഹരിത ഗൃഹവാതകമായ നൈട്രസ് ഓക്‌സൈഡിന്റെ ഉല്‍പാദനം ആഗോളതാപനത്തിനും ഓസോണ്‍ പാളിയുടെ സുഷിരത്തിനും ക്യാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ക്കും കാരണമാണ്. നൈട്രസ് ഓക്‌സൈഡിന്റെ എഴുപത്തഞ്ചു ശതമാനം ഉണ്ടാകുന്നത്.കാര്‍ഷിക വിളകളില്‍ ഉപയോഗിക്കുന്ന നൈട്രജന്‍ അടങ്ങിയ വളങ്ങളിലൂടെയാണ് എന്ന കണ്ടെത്തലാണ് ഈ ഗവേഷണത്തിലേക്ക് കുട്ടികളെ നയിച്ചത്. നൈട്രജന്‍ അടങ്ങിയ വളങ്ങള്‍ ഫാക്കല്‍ട്ടേറ്റീവ് ബാക്ടീരിയകളുടെ സാന്നിദ്ധ്ത്തില്‍ നൈട്രസ് ഓക്‌സൈഡും , നൈട്രിക്ക് ഓക്‌സൈഡുമായി മാറുന്നു. എന്നാല്‍ കോപ്പര്‍ പോലുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഈ പ്രവര്‍ത്തനത്തെ തടയാന്‍ സാധിക്കും. ഇതിനായി കോപ്പര്‍ അടങ്ങിയ ചെടികളായ മണിത്തക്കാളി , കടുക് , പാവയ്ക്ക, എള്ള് എന്നിവ കൃഷി ചെയ്യുകയും അതിലൂടെ മണ്ണില്‍ അധികമായുള്ള നൈട്രജന്‍ അടങ്ങിയ വളങ്ങളെ ദോഷകരമല്ലാതെ നൈട്രജന്‍ ആക്കി മാറ്റുന്നു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ അഥീന എം ജോസ് , ജുവല്‍ ബെന്നി, റഷ്ബാന തന്‍സി, ആകാശ് സെബാസ്റ്റ്യന്‍ , അരവിന്ദ് എം. എന്നീ വിദ്യാര്‍ത്ഥികളാണ് ഗവേഷണത്തില്‍ പങ്കാളികളായത്. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ജോസഫ് ജോണിന്റെയും സ്‌കൂള്‍ രസതന്ത്ര അധ്യാപകനായ ഗ.ട ശ്യാലിന്റെയും നേതൃത്വത്തിലായിരുന്നു ഗവേഷണം. തങ്ങളുടെ ഗവേഷണത്തിന്റെ സാധ്യതകള്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി പി ആലിയുമായി ചര്‍ച്ച ചെയ്യുകയും കാര്‍ഷിക വികസന ചര്‍ച്ചകളില്‍ അവതരിപ്പിക്കാന്‍ ധാരണയാവുകയും ചെയ്തിട്ടുണ്ട്.