Connect with us

Wayanad

ജനപക്ഷയാത്ര എട്ടിന് വയനാട്ടിലെത്തും

Published

|

Last Updated

കല്‍പ്പറ്റ: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നേതൃത്വത്തില്‍ നാലിന് കാസര്‍ഗോഡ് നിന്നാരംഭിച്ച ജനപക്ഷയാത്ര എട്ടിന് വയനാട് ജില്ലയില്‍ പര്യടനം നടത്തുമെന്ന് ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് അറിയിച്ചു. എട്ടിന് രാവിലെ 9.30ന് മാനന്തവാടി ഗാന്ധിപാര്‍ക്കിലും, 11 മണിക്ക് സുല്‍ത്താന്‍ബത്തേരി സ്വതന്ത്രമൈതാനിയിലും, ഉച്ചകഴിഞ്ഞ് രണ്ടിന് കല്‍പ്പറ്റ വിജയപമ്പിന് സമീപവും വെച്ച് യാത്രക്ക് സ്വീകരണം നല്‍കും. ജനപക്ഷയാത്രയുടെ സ്വീകരണപരിപാടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരത്തോടൊപ്പം ഉയര്‍ ത്തിപ്പിടിച്ച സാമൂഹ്യ പരിവര്‍ത്തന പരിപാടികളുടെ ചുവടുപിടിച്ചുകൊണ്ട് കേരളം ഇന്ന് അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ജനപക്ഷയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ ശക്തിപ്പെടുത്തുക, മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുക, രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാനുതകുന്ന ജനാഭിപ്രായം സുദൃഢമാക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പ്രചാരണം നടത്തുക, സമൂഹത്തെ സര്‍വ്വനാശത്തിലേക്ക് തള്ളിയിടുന്ന ലഹരിയുടെ സ്വാധീനത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുക, മാലിന്യനിര്‍മ്മാര്‍ജ്ജന ശ്രമങ്ങള്‍ വിജയിപ്പിക്കുന്നതിന് പ്രചാരണം നടത്തുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക്കിന്റെയും ഫ്‌ളക്‌സിന്റെയും ഉപയോഗം കുറയ്ക്കുവാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് ഈ യാത്രയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന മുദ്രാവാക്യങ്ങള്‍.
സമൂഹത്തിന്റെ ആകമാനനന്മ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജനപക്ഷയാത്രക്ക് അവേശകരമായ സ്വീകരണമാണ് മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ എന്നീ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. മൂന്നിടങ്ങളിലും പ്രത്യേകം ക്രമീകരിച്ച സ്വാഗതസംഘങ്ങളുടെ നേതൃത്വത്തില്‍ പരിപാടിയുടെ വിജയത്തിനായി കൂട്ടായ പ്രവര്‍ത്തനം നടത്തിവരുന്നു. ജില്ലയിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ആറ്, ഏഴ് തിയ്യതികളില്‍ വിളംബരജാഥകള്‍ നടത്തും. ജാഥക്ക് സ്വീകരണമൊരുക്കിയിരിക്കുന്ന മൂന്ന് കേന്ദ്രങ്ങളിലും വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വന്‍വരവേല്‍പ്പ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. സ്വീകരണസമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് പൊതുസമ്മേളനങ്ങള്‍ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ നേതാക്കള്‍ ഈ യോഗങ്ങളില്‍ സംസാരിക്കും. എല്ലാമണ്ഡലങ്ങളില്‍ നിന്നുമുള്ള മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അതാത് താലൂക്കുകളിലെ സ്വീകരണയോഗങ്ങളിലേക്ക് പൊതുസമ്മേളനങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ എത്തിച്ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്രസമ്മേളനത്തില്‍ എന്‍ ഡി അപ്പച്ചന്‍, പി പി ആലി, കെ വി പോക്കര്‍ഹാജി, അഡ്വ. ടി ജെ ഐസക് എന്നിവരും പങ്കെടുത്തു.

Latest