പാക് ക്രിസ്ത്യന്‍ ദമ്പതികളുടെ കൊല: കുറ്റക്കാരെ കണ്ടെത്തണംഎന്ന് മനുഷ്യാവകാശ സംഘടന

Posted on: November 6, 2014 4:59 am | Last updated: November 5, 2014 at 10:01 pm

ലണ്ടന്‍: പാക്കിസ്ഥാനില്‍ ഖുര്‍ആന്‍ നിന്ദിച്ചുവെന്ന ആരോപണത്തില്‍ ജനക്കൂട്ടം ക്രിസ്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. ന്യൂനപക്ഷ സമൂഹത്തെ സംരക്ഷിക്കാന്‍ പാക്കിസ്ഥാന്‍ അധികൃതര്‍ തയ്യാറാകണമെന്നും സംഘടന ഓര്‍മപ്പെടുത്തി. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. ന്യൂനപക്ഷ സമുദായങ്ങള്‍ ഖുര്‍ആന്‍ നിന്ദ ആരോപണത്തിന്റെ പേരില്‍ അക്രമത്തിന് ഇരയാകുന്നത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണെന്നും സംഘടന വ്യക്തമാക്കി.
പഞ്ചാബ് പ്രവിശ്യയിലാണ് ക്രിസ്ത്യന്‍ ദമ്പതികള്‍ ആക്രമിക്കപ്പെട്ടതിന് ശേഷം ജീവനോടെ കത്തിക്കപ്പെട്ടത്. ലാഹോറില്‍ നിന്ന് 50 കി മീ. അകലെയുള്ള കശൂര്‍ ജില്ലയിലാണ് സംഭവം. ദൈവ നിന്ദയുമായി ബന്ധപ്പെട്ട് ചെറിയ ആരോപണങ്ങള്‍ ഉയരുമ്പോള്‍ തന്നെ ന്യൂനപക്ഷ വിഭാഗത്തെ ഭൂരിപക്ഷം കൂട്ടക്കൊല ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്ന് സംഘടന മാധ്യമങ്ങളോട് പറഞ്ഞു. ദൈവ നിന്ദാ കുറ്റത്തിന്‍മേലുള്ള നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും സംഘടന ആരോപിക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങള്‍ നിയമത്തിലൂടെ തടയപ്പെടുന്ന അവസ്ഥയാണുള്ളതെന്നും സംഘടന വ്യക്തമാക്കുന്നു.